വാഹന പണിമുടക്ക് പൂര്‍ണം

കൊച്ചി: സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും എറണാകുളം ജില്ല പ്രസിഡന്‍റുമായ കെ.എന്‍.ഗോപിനാഥിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ ആഹ്വാനംചെയ്ത പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായിരുന്നു. സ്വകാര്യ വാഹനങ്ങളും കെ.എസ്.ആര്‍.ടി.സിയും ഓടിയതൊഴിച്ചാല്‍ മറ്റ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകളടക്കം ഓടാതിരുന്നതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടി. ജില്ലയിലെ സംയുക്ത മോട്ടോര്‍ തൊഴിലാളി കോഓഡിനേഷന്‍െറ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയായിരുന്നു പണിമുടക്ക്. പണിമുടക്കില്‍ ജില്ലയിലെ ലോറി, മിനിലോറി, ടാക്സി, ബസ്, ടാങ്കര്‍ലോറി, ഓട്ടോറിക്ഷ തുടങ്ങി മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുത്തതായി നേതാക്കള്‍ പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധത്തിന് കോഓഡിനേഷന്‍ കണ്‍വീനര്‍ കെ.എ.അലി അക്ബര്‍, കെ.കെ.ഇബ്രാഹിംകുട്ടി (ഐ.എന്‍.ടി.യു.സി), എം.ബി.സ്യമന്തഭദ്രന്‍ (സി.ഐ.ടി.യു), കെ.എന്‍.ഗോപി (എ.ഐ.ടി.യു.സി), കെ.വി. മധുകുമാര്‍ (ബി.എം.എസ്), രഘുനാഥ് പനവേലി(എസ്.ടി.യു), മനോജ് ഗോപി (എച്ച്.എം.എസ്), മനോജ് പെരുമ്പിള്ളി (ജെ.ടി.യു.സി), ചാള്‍സ് ജോര്‍ജ് (ടി.യു.സി.ഐ), കെ.ടി.വിമലന്‍ (യു.ടി.യു.സി), അജ്മല്‍ ശ്രീകണ്ഠപുരം (ഐ.എന്‍.എല്‍.സി) എന്നിവര്‍ നേതൃത്വം നല്‍കി. ഓട്ടോ- ടാക്സി തൊഴിലാളികള്‍ ചൊവ്വാഴ്ച പാലാരിവട്ടത്തെ ഉബര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തിറങ്ങിയപ്പോഴാണ് കെ.എന്‍. ഗോപിനാഥിന് കഴുത്തിന് കുത്തേറ്റത്. പണിമുടക്കുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ളെങ്കിലും യാത്രക്കാര്‍ ബുദ്ധിമുട്ടി. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരാണ് ദുരിതത്തിലായത്. മൂവാറ്റുപുഴ- തൊടുപുഴ റൂട്ടില്‍ മാത്രമാണ് കുറച്ചെങ്കിലും സ്വകാര്യബസുകള്‍ ഓടിയത്. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലങ്ങളിലും ഉള്‍ഗ്രാമങ്ങളിലും സ്വകാര്യ ബസുകളാണ് പ്രധാന ആശ്രയം. ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ക്കാണ് യാത്രകള്‍ മുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തി. ആലുവ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് യാത്രാസൗകര്യം ഒരുക്കിയിരുന്നു. പൊലീസ് ബസുകള്‍ രാവിലെ മുതല്‍ ഇവിടെയുണ്ടായിരുന്നു. അങ്കമാലി, എയര്‍പോര്‍ട്ട് ഭാഗങ്ങളിലേക്കാണ് സര്‍വിസ് നടത്തിയത്. വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചു. വാഹന പണിമുടക്ക് വ്യവസായ മേഖലയായ കളമശ്ശേരിയില്‍ പൂര്‍ണമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ ഒഴികെ ഒന്നും നിരത്തിലിറങ്ങിയില്ല. കമ്പനികളിലും ഓഫിസുകളിലും ജോലിക്കുകയറേണ്ടവര്‍ സ്വന്തം വാഹനങ്ങളിലും മറ്റുള്ളവരുടെ വാഹനത്തിലുമായാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായത്തെിയ ലോറികള്‍ റോഡരികുകളിലും മറ്റും പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.