ജലക്ഷാമത്തിനിടയിലും കളമശ്ശേരിയില്‍ കുടിവെള്ളം പാഴാകുന്നു

കളമശ്ശേരി: കേരളം രൂക്ഷമായ വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടും കളമശ്ശേരിയില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി പോകുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. കളമശ്ശേരി റെയില്‍വേ മേല്‍പാലത്തിനുസമീപം സോഷ്യല്‍ റോഡിലും ദേശീയപാത കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപത്തുമായി രണ്ടിടത്താണ് ദിവസവും രാവും പകലുമായി കുടിവെള്ളം പാഴാകുന്നത്. മെട്രോ സ്റ്റേഷനുസമീപം പൈപ്പ് തകര്‍ന്ന് ഒഴുകുന്ന വെള്ളം നേരെ പൊതു കാനയിലേക്കാണ് ഒഴുകുന്നത്. ഇവിടെ കേബിള്‍ സ്ഥാപിക്കാന്‍ കുഴിച്ച ഭാഗത്ത് നിന്നാണ് കുടിവെള്ളം മാസങ്ങളായി പാഴായി പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, മേല്‍പാലത്തിന് സമീപം റോഡിന്‍െറ സംരക്ഷണഭിത്തിയിലെ ഇരുപതടി താഴെ ഹോളിലൂടെ നല്ല പ്രഷറില്‍ വെള്ളം ഒരിഞ്ച് പൈപ്പ് തുറന്നിട്ട നിലയില്‍ പോയിക്കൊണ്ടിരിക്കുന്നത് പത്ത് വര്‍ഷത്തോളമായതായാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. പലകുറി പത്രവാര്‍ത്തകളിലൂടെയും, ചിലര്‍ വ്യക്തി പരമായും പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒരു മാസം മുമ്പ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഭവത്തിന്‍െറ ഗൗരവം കളമശ്ശേരി വാട്ടര്‍ അതോറിറ്റിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനു മുന്നില്‍ പറഞ്ഞപ്പോള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍, ദേശീയ പാതയോരത്തെ ചെറിയ ചോര്‍ച്ച പോലും കണ്ടത്തെി അടക്കാന്‍ പോലും താല്‍പര്യം കാണിച്ചിട്ടില്ല. കളമശ്ശേരിയിലും എലൂരിലും ചില പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് നേരിടുന്നത്. ഏലൂര്‍ വരാപ്പുഴ ഭാഗത്തേക്ക് പോകുന്ന മെയിന്‍ കുടിവെള്ള പൈപ്പില്‍ നിന്നോ, ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഉപയോഗിച്ചിരുന്ന കണക്ഷന്‍ ഏതെങ്കിലും മണ്ണിനടിയില്‍പ്പെട്ട് ചോര്‍ന്ന് കൊണ്ടിരിക്കുന്നതോ ആയിരിക്കാം മേല്‍പാലത്തിനു സമീപം വെള്ളം ഒഴുകാന്‍ കാരണമെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.