പാടം നികത്തുന്നതിനെതിരായ പ്രമേയത്തിന് വാര്‍ഡ് സഭയില്‍ അവതരണാനുമതിയില്ല

കൊച്ചി: ഒരിഞ്ച് ഭൂമിപോലും നികത്താന്‍ അനുവദിക്കില്ളെന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍െറ പ്രഖ്യാപനത്തിന് തൃക്കാക്കര നഗരസഭാ വാര്‍ഡ് സഭയില്‍ സി.പി.എം പ്രാദേശിക നേതാക്കളുടെ തിരുത്ത്. കാക്കനാട് മനക്കക്കടവില്‍ തെങ്ങോട് ഹൈസ്കൂളിന് സമീപം ഞാറക്കുഴി പാടശേഖരം നികത്താനുള്ള നീക്കത്തിനെതിരെ വാര്‍ഡ് സഭയില്‍ കൊണ്ടുവന്ന പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചാണ് നേതാക്കള്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ പരസ്യമായി വെല്ലുവിളിച്ചത്. പ്രദേശത്തെ തണ്ണീര്‍ത്തടം എന്ന് വിശേഷിപ്പിക്കാവുന്ന 22 ഏക്കര്‍ നികത്താനുള്ള നീക്കത്തിനെതിരെ വാര്‍ഡ് സഭയില്‍ കൊണ്ടുവന്ന പ്രമേയം സി.പി.എം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍െറയും വാര്‍ഡ് കൗണ്‍സിലറുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് അവതരണാനുമതി നിഷേധിച്ചത്. പാര്‍ട്ടി അനുഭാവിയും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗവുമായ എം.സി.കൃഷ്ണനാണ് നഗരസഭ എട്ടാം വാര്‍ഡ് സഭയില്‍ പ്രമേയം കൊണ്ടുവന്നത്. മഴക്കാലത്തുപോലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന മേഖലയില്‍ ഞാറക്കുഴി പാടശേഖരം അനുഗ്രഹമാണ്. 165 ഹെക്ടറിലധികം വരുന്ന പ്രദേശത്തെ പെയ്ത്ത് വെള്ളം ശേഖരിക്കപ്പെടുന്നത് പാടശേഖരത്തിലാണ്. കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരവും മഴക്കാലത്ത് വെള്ളപ്പൊക്കത്തില്‍ സംരക്ഷണവും ഒരുക്കുന്ന പാടശേഖരം നിലനിര്‍ത്താന്‍ നഗരസഭാ അധികൃതര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. ദുരന്തനിവാരണ, തണ്ണീര്‍ത്തട നിയമത്തിന് വിരുദ്ധമായി നിലം നികത്തുന്നത് തടയുന്നതില്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ച പരിഹരിച്ച് പാടശേഖരം നികത്തുന്നത് തടയണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാല്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. എല്‍ദോയും വാര്‍ഡ് കൗണ്‍സിലര്‍ എല്‍ദോ കെ. മാത്യുവും ചേര്‍ന്ന് പ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. അജണ്ടയില്‍ ഉള്‍പ്പെടുത്താതെ പ്രമേയം അവതിരിപ്പിക്കാനാകില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് 140ലധികംപേര്‍ പങ്കെടുത്ത വാര്‍ഡ് സഭയില്‍ ഇരുവരും ചേര്‍ന്ന് അവതരണാനുമതി നിഷേധിച്ചത്. നേരത്തേ, കൃഷ്ണന്‍െറ നേതൃത്വത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പാടശേഖരം നികത്താനുള്ള നീക്കം നിര്‍ത്തിവെച്ചിരുന്നു. സി.പി.എം പ്രാദേശിക നേതാവ് ഇടനിലക്കാരനായി എറണാകുളത്തെ പ്രമുഖ സ്വര്‍ണ വ്യാപാരിക്കുവേണ്ടിയാണ് പാടം നികത്തുന്നതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രതികൂലമായി ബാധിക്കുമെന്നുകണ്ട് നേതാക്കള്‍ ഇടപെട്ട് പാടം നികത്തുന്നത് നിര്‍ത്തിവെച്ചു. എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷം പാടശേഖരം നികത്താനുള്ള നീക്കം സജീവമായതോടെയാണ് സഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.