സംസം വെള്ളം കിട്ടിയില്ല; വിമാനത്താവളത്തില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

നെടുമ്പാശ്ശേരി: ഉംറ കഴിഞ്ഞ് മടങ്ങിയത്തെിയ തീര്‍ഥാടകരുടെ സംസം വെള്ളം നെടുമ്പാശ്ശേരിയില്‍ എത്തിച്ചു നല്‍കാതിരുന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രതിഷേധം. ഉംറ നിര്‍വഹിച്ചശേഷം ദമ്മാം വഴി എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 25 ഓളം പേരുടെ സംസം വെള്ളമാണ് നഷ്ടപ്പെട്ടത്. ഐ.എക്സ് 482ാം നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ശനിയാഴ്ച രാവിലെ 8.30 ഓടെ തീര്‍ഥാടകര്‍ അടങ്ങിയ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. പുലര്‍ച്ചെ 5.15 ന് നെടുമ്പാശ്ശേരിയില്‍ എത്തേണ്ട വിമാനം മൂന്നര മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. സാങ്കേതിക കാരണങ്ങളാല്‍ ദമ്മാമില്‍നിന്നും വിമാനം പുറപ്പെടാന്‍ വൈകിയതാണ് കാരണമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് തീര്‍ഥാടകര്‍. ദമ്മാം വിമാനത്താവളത്തില്‍ വെച്ച് ഇവരുടെ ലഗേജിനൊപ്പമാണ് സംസം വെള്ളം അടങ്ങിയ ബാഗ് എയര്‍ ഇന്ത്യക്ക് കൈമാറിയിരുന്നത്. അഞ്ചു മുതല്‍ 10 ലിറ്റര്‍ വരെ സംസം വെള്ളമാണ് ഓരോരുത്തരുടെയും കൈവശം ഉണ്ടായിരുന്നത്. എന്നാല്‍, നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ശേഷമാണ് ലഗേജ് മാത്രമേ വിമാനത്തില്‍ കയറ്റിയിരുന്നുള്ളൂവെന്ന് തീര്‍ഥാടകര്‍ അറിയുന്നത്. സംസം വെള്ളം ലഭിക്കാതായതോടെ തീര്‍ഥാടകര്‍ എയര്‍ ഇന്ത്യ ജീവനക്കാരോട് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ മറുപടി തൃപ്തികരമായിരുന്നില്ല. ഇതത്തേുടര്‍ന്ന് വിമാനത്താവളത്തില്‍ തീര്‍ഥാടകര്‍ ബഹളം വെച്ചു. പിന്നീട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തി സംസം വെള്ളം ഞായറാഴ്ച നെടുമ്പാശ്ശേരിയില്‍ എത്തിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്. എയര്‍ ഇന്ത്യക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് പരാതി നല്‍കുമെന്ന് തീര്‍ഥാടകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.