ജില്ലയുടെ കിഴക്കന്‍ മേഖല ഭീതിയില്‍

കോതമംഗലം/മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഡെങ്കി അടക്കമുള്ള പകര്‍ച്ചപ്പനികള്‍ വ്യാപിക്കുന്നു. വിവിധ പഞ്ചായത്തുകളിലായി ആയിരത്തിലധികം പേരാണ് പനിബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. ഡെങ്കിപ്പനിക്കുപുറമെയാണ് വൈറല്‍ ഫീവറും പടര്‍ന്നുപിടിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്ച പകര്‍ച്ചപനി ബാധിച്ച് എത്തിയവരുടെ എണ്ണം മാത്രം എഴുപതാണ്. കവളങ്ങാട് കുട്ടമ്പുഴ പഞ്ചായത്തില്‍ കഴിഞ്ഞമാസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതരും തദ്ദേശ സ്ഥാപന മേധാവികളും തയാറാകാഞ്ഞതാണ് പനി വേഗം പടരാന്‍ കാരണമെന്നാണ് ആക്ഷേപം. പകര്‍ച്ചവ്യാധി തടയാന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഇതുവരെ ഒരു ഏകോപനം പോലുമുണ്ടാക്കിയിട്ടില്ല. ചികിത്സ തേടുന്നവര്‍ക്ക് ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് നല്‍കുന്നുണ്ടെന്നും ബോധവത്കരണങ്ങളും കൊതുകുനശീകരണവും അതത് പഞ്ചായത്തുകളുടെ ഉത്തരവാദിത്തവുമാണെന്നാണ് ആരോഗ്യ വകുപ്പിന്‍െറ നിലപാട്. നേര്യമംഗലം, മാമലക്കണ്ടം, നെല്ലിമറ്റം, കുത്തുകുഴി എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് ഏഴു പേര്‍ മരിച്ചു. ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം പൈങ്ങോട്ടൂരില്‍ 115, കവളങ്ങാട് 130, വടാട്ടുപാറ 70, കീരംപാറ 45 എന്നിങ്ങനെയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം. അതേസമയം കോതമംഗലം, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂവാറ്റുപുഴ, വാളകം എന്നിവിടങ്ങളില്‍നിന്നും പനിബാധിതര്‍ എത്തിയിരുന്നു. ഡെങ്കിപ്പനിക്കും മഞ്ഞപ്പിത്തത്തിനും പുറമെ വൈറല്‍ ഫീവര്‍ ബാധിതരും എത്തിയതോടെ ജനറല്‍ ആശുപത്രി നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സാസൗകര്യമില്ലാത്തത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വാരപ്പെട്ടി, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ മാത്രമേ കിടത്തിച്ചികിത്സ സൗകര്യമുള്ളൂ. മറ്റു പ്രദേശങ്ങളിലെ ആളുകള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മഴക്കാലം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനിബാധിത മേഖലകളില്‍ ക്യാമ്പ് ചെയ്യുന്ന സംസ്ഥാന ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങളും ജില്ലാ മലേറിയ നിര്‍മാര്‍ജന വിഭാഗവും പനി കൂടുതല്‍ മേഖലയിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍, കൊതുകുകള്‍ അനിയന്ത്രിതമായി പെരുകുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും വെല്ലുവിളിയാകുന്നുണ്ട്. റബര്‍ തോട്ടങ്ങളിലെ ചിരട്ടകളും കൊക്കോ തൊണ്ടുകളുമാണ് കൊതുകിന്‍െറ പ്രജനനത്തെ സഹായിക്കുന്നത്. ചിരട്ടകള്‍ കമിഴ്ത്തിവെച്ച് സൂക്ഷിക്കാനും കൊക്കോ തൊണ്ടുകള്‍ നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശ, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍തോറും കയറിയിറങ്ങി കൊതുകുകളുടെ ഉറവിട നശീകരണത്തെക്കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത് ബോധവത്കരണവും നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.