ജിഷ വധം: പിതൃത്വവിവാദം കേസ് അട്ടിമറിക്കാന്‍ –ആദിവാസി സമിതി

കൊച്ചി: ജിഷയുടെ പിതൃത്വം വിവാദമാക്കുന്നവര്‍ അവരുടെ കുടുംബത്തെയും നീതിക്കുവേണ്ടി മുറവിളികൂട്ടുന്ന സ്ത്രീകളെയും ദലിതരെയും അപമാനിക്കുകയാണെന്ന് ദലിത്-ആദിവാസി പൗരവാകാശ സ്ത്രീ സംഘടനകളുടെ സംയുക്ത വേദി. ജിഷ വധക്കേസ് രാഷ്ട്രീയവത്കരിക്കുകയും കേസന്വേഷണം ദുര്‍ബലപ്പെടുത്തുകയുമാണ് ഉദ്ദേശ്യം. ജിഷയോ ജിഷയുടെ കുടുംബമോ പിതൃത്വത്തിന്‍െറ പ്രശ്നം ഉന്നയിച്ചിട്ടില്ല. അന്വേഷണം തുടക്കത്തില്‍തന്നെ അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ ജിഷയുടെ യഥാര്‍ഥ ഘാതകരെ പിടികൂടാന്‍ വൈകുന്നതില്‍ സംശയമുണ്ട്. തുടക്കം മുതല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സംശയിക്കുന്നു. ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുകയാണ് ഉചിതമെന്നും സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ചിലര്‍ പ്രതികളെ പ്രഖ്യാപിച്ചതിനുപിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ജിഷയുടെ പിതൃത്വം വിവാദമാക്കിയ ജോമോന് നിയമപ നടപടികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതാണ്. കുറ്റവാളികളെക്കുറിച്ച് തെളിവുകളുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിയെ അറിയിക്കുകയാണ് വേണ്ടത്. അന്വേഷണ ഏജന്‍സി പ്രതികളെ സംരക്ഷിക്കുന്ന സാഹചര്യം വന്നാല്‍ കോടതിയെ സമീപിക്കണം. എന്നാല്‍, ഇയാള്‍ പിതൃത്വം വിവാദമാക്കുക മാത്രം ചെയ്തതില്‍ ദുരൂഹതയുണ്ട്. ജിഷ വധം ഉന്നയിക്കുന്ന സ്ത്രീനീതിയുടെയും ദലിത് അതിക്രമങ്ങളുടെയും പ്രശ്നം അപ്രസക്തമാക്കാനുള്ള താല്‍പര്യം ഇതിനുപിന്നിലുണ്ട്. പിതൃത്വപ്രശ്നം വിവാദമാക്കിയതിനുപിന്നില്‍ ഇടത്-കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെയും കേസ് അട്ടിമറിച്ച പൊലീസ് വൃത്തങ്ങളുടെയും പിന്തുണയുണ്ടെന്നും ഗീതാനന്ദന്‍ ആരോപിച്ചു. ജോമോന്‍ പുത്തന്‍പുരക്കലിനെ എസ്.സി/ എസ്.ടി അതിക്രമങ്ങള്‍ തടയല്‍ നിയമവും മറ്റ് ക്രിമിനല്‍ നിയമങ്ങളുമുപയോഗിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്യണം. കുടുംബത്തെ അപഹസിച്ചവരെയും പ്രതിചേര്‍ക്കണം. ജനകീയ സമരം ശക്തിപ്പെടുത്താന്‍ 11ന് തിരുവനന്തപുരത്ത് പ്രക്ഷോഭം ആരംഭിക്കും. മണ്‍സൂണ്‍ സ്ട്രൈക് എന്ന പേരില്‍ സത്യഗ്രഹമാണ് നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ.കെ. നാരായണന്‍ (ജന. സെക്രട്ടറി കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ), വി.ഡി. മജീന്ദ്രന്‍ (കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), എം.എന്‍. ഗിരി, കേരള ഉള്ളാട മഹാസഭ ജില്ലാ കമ്മിറ്റിയംഗം കെ. സോമന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.