പറവൂരില്‍ പുതുതലമുറക്കാരുടെ വോട്ടുകള്‍ വി.ഡി. സതീശന്

പറവൂര്‍: വര്‍ഗീയതക്കും മതഭ്രാന്തിനുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്ത പറവൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ഡി. സതീശന് പുതുതലമുറക്കാരുടെ പിന്‍ബലം. ആദ്യമായി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 11,000ത്തോളം ന്യൂ ജനറേഷന്‍ വോട്ടര്‍മാരാണ് സതീശന് അനുകൂലമായി വോട്ടുചെയ്തതെന്ന് വിലയിരുത്തല്‍. 12,000ത്തില്‍പരം വോട്ടുകളാണ് പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ 18നും 20നും ഇടയിലുള്ള 11,000ത്തില്‍പരം യുവാക്കള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇതില്‍ ഏറിയ പങ്കും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ സതീശന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 9000ല്‍പരം വോട്ടുകളാണ് അധികമായി ലഭിച്ചത്. 2011ല്‍ 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണ 20,634ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്തൊട്ടാകെ ഇടതുതരംഗം ആഞ്ഞടിച്ചിട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വര്‍ധിക്കുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിനിര്‍ണയത്തിലുണ്ടായ പ്രതിസന്ധിയും ഇറക്കുമതി സ്ഥാനാര്‍ഥിയാണെന്ന പ്രചാരണവും വോട്ടര്‍മാരെ സ്വാധീനിച്ചു. മതിനിരപേക്ഷതയുടെ വക്താക്കളും പ്രയോക്താക്കളുമാണെന്ന ഖ്യാതി നിലനില്‍ക്കേ വെള്ളാപ്പള്ളി നടേശന്‍െറ വര്‍ഗീയ ജല്‍പനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വി.ഡി. സതീശന്‍ മുന്നിട്ടിറങ്ങി. എന്നാല്‍, എല്‍.ഡി.എഫ് കാര്യമായ പ്രതിരോധം തീര്‍ത്തില്ളെന്നും പറയപ്പെടുന്നു. ഇത് യുവാക്കളിലും മതനിരപേക്ഷത മുറുകെ പിടിക്കുന്നവരിലും സതീശന്‍െറ പിന്നില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരണയായി. ഈഴവ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയായിട്ടും ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാതിരുന്നത് തിരിച്ചടിയാണ്. 2011ല്‍ ബി.ജെ.പിക്ക് 3762 വോട്ടാണ് ലഭിച്ചതെങ്കില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി മത്സരിച്ചിട്ടും 5000 വോട്ടുകളുടെ വര്‍ധന മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.