കൊച്ചി: ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം വാതക ടാങ്കുകളും പൈപ്പ്ലൈനുകളും തുരുമ്പിച്ച് ഏതു നിമിഷവും വാതകച്ചോര്‍ച്ചയുണ്ടായേക്കാവുന്ന കൊച്ചിയും സമീപ പ്രദേശങ്ങളും പുകയുന്ന അഗ്നി പര്‍വതം. ജീവന് ഭീഷണിയായിട്ടുകൂടി കൊച്ചിക്കൊരു സമഗ്ര രാസ ദുരന്തനിവാരണ സമിതി ഇല്ലാത്തതാണ് ദുരന്തത്തേക്കള്‍ വലിയ ദുരന്തം. കൊച്ചിന്‍ റിഫൈനറി, അമ്പലമേട് ഫാക്ട് ഡിവിഷന്‍ തുടങ്ങി ഏലൂര്‍ എടയാര്‍ മേഖലയിലും ചെറുതും വലുതുമായ നൂറോളം രാസ വ്യവസായ കമ്പനികളാണ് ഉള്ളത്. ഇവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളവയാകട്ടെ അപകടകാരികളായ ബെന്‍സീന്‍, നാഫ്ത, അമോണിയ, സള്‍ഫര്‍ ഡയോക്സൈഡ് തുടങ്ങിയ വാതകങ്ങളും ക്ളോറിനടക്കമുള്ള വിഷവാതകങ്ങളുമുള്‍പ്പെടെയുള്ളവയാണ്. രാസവ്യവസായങ്ങളുടെ ഹബായ ജില്ലയിലെ തീരമേഖലയില്‍ കൂറ്റന്‍ ഇന്ധന സംഭരണികളാണുള്ളത്. ഇതിനുപുറമെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് രാസപദാര്‍ഥങ്ങള്‍ കയറ്റി റോഡുമാര്‍ഗം തലങ്ങും വിലങ്ങും പായുന്ന ടാങ്കറുകള്‍. പ്രദേശത്ത് അപകടം സംഭവിച്ചാല്‍ നേരിടാന്‍ പരിശീലനം ലഭിച്ച രാസ ദുരന്തനിവാരണ സേനയോ പദ്ധതിയോ ജില്ലക്കില്ല. കൊച്ചിയിലോ, ഏലൂരിലോ രാസദുരന്തമുണ്ടായി വിഷവാതകം ചോര്‍ന്നാല്‍ അതിന്‍െറ വ്യാപ്തി കിലോമീറ്ററുകള്‍ക്ക് അകലേക്ക് വ്യാപിക്കും. ഭോപ്പാലിനെക്കാള്‍ ഭീകരമായിരിക്കും കൊച്ചിയിലുണ്ടായേക്കാവുന്ന രാസദുരന്തത്തിന്‍െറ പ്രത്യാഘാതം. ഫാക്ടറികളിലെ സുരക്ഷാ പരിശോധനക്ക് നിയോഗിച്ചിരിക്കുന്ന ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡിപ്പാര്‍ട്മെന്‍റ് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങാണ്. ഒരു കമ്പനിയില്‍പോലും സുരക്ഷാപരിശോധന നേരാംവണ്ണം നടത്താറില്ല. കൃത്യമായി സുരക്ഷാമാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ മിക്ക കമ്പനികളും അടച്ചിടേണ്ടിവരും. ചമ്പക്കര കനാലില്‍ അമോണിയ ചോര്‍ന്ന് ജനജീവിതം ദുരിതത്തിലാക്കിയ ബാര്‍ജില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ളെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടത്തെല്‍. 2004ല്‍ ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സിലെ എന്‍ഡോസള്‍ഫാന്‍ പ്ളാന്‍റിന് തീപിടിച്ചത് നാടിനെ നടുക്കിയിരുന്നു. വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചപ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്ന് അവര്‍ക്കറിയില്ലായിരുന്നുവെന്ന് അന്നത്തെ സംഭവത്തിന് സാക്ഷിയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിനും അന്ന് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് നവജാത ശിശുവിനെയടക്കം വാരിയെടുത്ത് നാട്ടുകാര്‍ ജീവനുംകൊണ്ട് പുഴ കടന്ന് ഓടി. അടുത്ത ദിവസം രാവിലെ പത്തിന് ഒരു ആംബുലന്‍സില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരുമായി എത്തിയ അധികൃതര്‍ ചോദിച്ചത് പൊള്ളലേറ്റവര്‍ എവിടെയാണെന്നായിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്ളാന്‍റ് കത്തിയാല്‍ വിഷവാതകമല്ല, പൊള്ളലാണ് ഉണ്ടാകുന്നതെന്ന് ധരിച്ചിരുന്ന അധികാരികളാണ് ദുരന്തനിവാരണ സമിതിയിലുള്ളതെന്ന് അന്നത്തെ അനുഭവത്തില്‍ ബോധ്യപ്പെട്ടെന്ന് പുരുഷന്‍ ഏലൂര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.