ചിരിക്കാഴ്ചയില്‍ കൊച്ചി

കൊച്ചി: ഒരു ഭാഗത്ത് ചെങ്കൊടിയുമായി ചിരിച്ചുനീങ്ങുന്ന പിണറായി വിജയന്‍, മറ്റൊരു ഭാഗത്ത് താമരപ്പൂവുമായി നരേന്ദ്ര മോദി, ഇടക്ക് ട്വിറ്ററിന്‍െറ നീലക്കിളിയെയും പിടിച്ച് ചമ്രംപടിഞ്ഞിരിക്കുന്ന രാഹുല്‍ ഗാന്ധി. കൗതുകം നിറഞ്ഞ കാരിക്കേച്ചറുകളായി പ്രശസ്ത വ്യക്തികള്‍ സുഭാഷ് പാര്‍ക്കിനെ ചിരിയരങ്ങാക്കി മാറ്റി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ദേശീയ കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ മേളയായ ‘കാരിടൂണി’ന്‍െറ ഭാഗമായാണ് 500 കാരിക്കേച്ചറുകളുടെ പ്രദര്‍ശന നഗരിയായി എറണാകുളം സുഭാഷ് പാര്‍ക്ക് മാറിയത്. വേനലവധിക്കാലം ചെലവഴിക്കാന്‍ നഗരത്തിലിറങ്ങിയ ജനങ്ങള്‍ക്ക് മറ്റൊരു ആഹ്ളാദവിരുന്നായി മേള മാറി. ചിത്രകാരന്മാരുടെ മുന്നിലത്തെിയ പലരും ഞൊടിയിടയില്‍ ചിത്രമായി. വൈകുന്നേരം സുഭാഷ് പാര്‍ക്കില്‍ നടന്ന ലൈവ് കാരിക്കേച്ചര്‍ ഷോയില്‍ നിരവധി പേരുടെ കാരിക്കേച്ചര്‍ കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ വരച്ചുനല്‍കി. രതീഷ് രവി, സജീവ്, അനൂപ് രാധാകൃഷ്ണന്‍, മധൂസ്, സിനിലാല്‍, ജയിംസ് മണലോടി എന്നിവര്‍ക്കൊപ്പം ഹൈദരാബാദില്‍നിന്നുള്ള സുഭാനി (ഡെക്കാണ്‍ ക്രോണിക്ക്ള്‍), തെലങ്കാനയില്‍നിന്നുള്ള ശങ്കര്‍ (സാക്ഷി) ഡല്‍ഹിയില്‍നിന്നുള്ള മനോജ് സിന്‍ഹ (ഹിന്ദുസ്ഥാന്‍ ടൈംസ്) എന്നിവരും ലൈവ് ഷോയില്‍ പങ്കെടുത്തു. നഗരത്തിലെ ആറു വേദികളില്‍ ഹാസ്യത്തിന്‍െറ പല തലങ്ങള്‍ തേടുന്ന രചനകള്‍ നിരന്നതോടെ കൊച്ചി കാര്‍ട്ടൂണ്‍ നഗരമായി അക്ഷരാര്‍ഥത്തില്‍ മാറി. കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടക്കുന്ന ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നിരവധി പേര്‍ തെരഞ്ഞെടുപ്പ് തമാശകള്‍ ആസ്വദിക്കാനത്തെി. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന ‘കുട്ടികളുടെ ചിരിനേര’ത്തില്‍ ബാലഭൂമിയിലെ സീനിയര്‍ ആര്‍ട്ടിസ്റ്റ് ദേവപ്രകാശ്, ചീഫ് സബ് എഡിറ്റര്‍ വള്ളിക്കോട് സന്തോഷ്, സുരേന്ദ്രന്‍ പുതുശ്ശേരി എന്നിവര്‍ എത്തി. എറണാകുളം പ്രസ് ക്ളബിലാണ് സീനിയര്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ക്ളാസിക് രചനകളുടെ പ്രദര്‍ശനം നടക്കുന്നത്.തിങ്കളാഴ്ച വൈകുന്നേരം 3.30ന് കുട്ടികളുടെ ചിരിനേരത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ എത്തും. ഗെസ്റ്റ് ഹൗസിലെ വേദിയില്‍ 10.45ന് ‘മിനിസ്ക്രീനിലെ ഹാസ്യം’ -സംവാദം നടക്കും. 3.30ന് ജോണി ലൂക്കോസിന്‍െറ നേതൃത്വത്തില്‍ കാര്‍ട്ടൂണിസ്റ്റുകളും കഥാപാത്രങ്ങളുമായി സംവാദം. ഗെസ്റ്റ് ഹൗസിലെ വേദിയില്‍ 5.30ന് ‘ഹാസ്യത്തിന് പ്രണാമ’ത്തില്‍ കാര്‍ട്ടൂണിലെയും ഓട്ടന്‍ തുള്ളലിലെയും മിമിക്രിയിലെയും തലമുതിര്‍ന്നവരെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.