പ്രകൃതിക്ഷോഭം: കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ ലക്ഷങ്ങളുടെ നഷ്ടം

ആലപ്പുഴ: കടല്‍ക്ഷോഭവും പ്രകൃതിക്ഷോഭവുംമൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളെയാണ് പ്രകൃതിക്ഷോഭം പ്രധാനമായി ബാധിച്ചത്. കൃത്യമായ കണക്കുകള്‍ ജില്ലാ ഭരണകൂടം തിട്ടപ്പെടുത്തിവരുകയാണ്. കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളില്‍ കടല്‍ക്ഷോഭവും കുട്ടനാട്ടില്‍ പ്രകൃതിക്ഷോഭവുംമൂലമാണ് നഷ്ടം ഉണ്ടായത്. കുട്ടനാട്ടിലാണ് കൂടുതല്‍ നാശമുണ്ടായത്. ഇവിടെ ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഒട്ടേറെ വിളകള്‍ക്കും നാശമുണ്ടായി. കുട്ടനാട്ടില്‍ 26 ലക്ഷം രൂപയുടെ നാശമാണ് കണക്കാക്കുന്നത്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവിടെ 23 ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കുന്നു. അമ്പലപ്പുഴ താലൂക്കില്‍ 16 വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും നശിച്ചു. ആകെ 16 ലക്ഷത്തിന്‍െറ നഷ്ടമാണ് ഇവിടെ ഉണ്ടായത്. കടലാക്രമണത്തിന് ഇരയായ കുടുംബങ്ങളെ പുറക്കാട് കരൂര്‍ എല്‍.പി സ്കൂളിലെ ക്യാമ്പിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ തീരത്ത് മണല്‍ചാക്കുകള്‍ അടക്കമുള്ളവ സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആര്‍. ഗിരിജ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ തുക നിശ്ചയിച്ച് 26നകം ക്വട്ടേഷന്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.