ആറാട്ടുപുഴ: കാലങ്ങളായി അനുഭവിച്ചുവന്ന യാത്രാദുരിതത്തിന് പരിഹാരമായി നിര്‍മിച്ച റോഡ് ആഴ്ചകള്‍ക്കുള്ളില്‍ കടലെടുത്തതോടെ തീരവാസികള്‍ ദു$ഖത്തിലും ദുരിതത്തിലുമായി. 80 ലക്ഷം രൂപ ചെലവഴിച്ച് ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗര്‍ വരെ നിര്‍മിച്ച റോഡാണ് നിര്‍മാണത്തിന്‍െറ അവസാനഘട്ടമത്തെിയപ്പോള്‍ കടലെടുത്തത്. അരിക് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്താതെ റോഡ് നിര്‍മിച്ചതാണ് തകര്‍ച്ച വേഗത്തിലാക്കിയത്. ആറാട്ടുപുഴ ബസ്സ്റ്റാന്‍ഡ് മുതല്‍ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗര്‍ വരെയുള്ള അര കിലോമീറ്റര്‍ ഭാഗത്ത് കടലും തീരദേശ റോഡും തമ്മില്‍ ചുവടുകളുടെ അകലം മാത്രമാണുള്ളത്. കടല്‍ ചെറുതായൊന്ന് ഇളകിയാല്‍ റോഡ് തകര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം മുടങ്ങും. പിന്നീടുള്ള ദിവസങ്ങള്‍ യാത്രാദുരിതത്തിന്‍െറതായിരിക്കും. ഈ സമയങ്ങളില്‍ കാല്‍നട യാത്രപോലും ദുസ്സഹമായിരിക്കും. ബസുകള്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിക്കും. പഞ്ചായത്തിന്‍െറ തെക്കന്‍ ഭാഗങ്ങളിലുള്ളവരാണ് ഇതുമൂലം കൂടുതല്‍ ദുരിതം പേറുന്നത്. റോഡരികിലെ കരിങ്കല്ലുകള്‍ റോഡില്‍ നിരന്നും റോഡ് തകര്‍ന്നുമാണ് ഇവിടെ ഗതാഗതം മുടങ്ങുന്നത്. കടല്‍ അടങ്ങുമ്പോള്‍ റോഡിലെ കല്ലുകള്‍ ഇരുവശങ്ങളിലേക്ക് നീക്കിയും തകര്‍ന്ന റോഡിലെ ഗര്‍ത്തങ്ങളില്‍ ഇട്ടും ഗതാഗതം പുന$സ്ഥാപിക്കാറാണ് പതിവ്. കാലങ്ങളായി തീരവാസികള്‍ ഈ ദുരിതം അനുഭവിച്ചുവരുകയാണ്. കടലാക്രമണ സമയങ്ങളില്‍ തിരമാലകള്‍ റോഡില്‍ നേരിട്ട് പതിക്കുന്നതിനാല്‍ ഈ ഭാഗത്ത് റോഡ് നിര്‍മാണം പ്രതിസന്ധിയിലായിരുന്നു. തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് സൃഷ്ടിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ദിവസങ്ങള്‍ നീണ്ട റോഡ് ഉപരോധം അടക്കമുള്ള സമരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. കാലങ്ങളായുള്ള തീരവാസികളുടെ മുറവിളിക്ക് രമേശ് ചെന്നിത്തലയുടെ ഇടപെടല്‍മൂലം പദ്ധതി ആവിഷ്കരിച്ചു. ബസ് സ്റ്റാന്‍ഡ് മുതല്‍ കള്ളിക്കാട് എ.കെ.ജി നഗര്‍ വരെയുള്ള 570 മീറ്റര്‍ സ്ഥലത്ത് റോഡ് നിര്‍മിക്കുന്നതിനും റോഡരിക് ബലപ്പെടുത്തുന്നതിനും 80 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. പദ്ധതി പ്രകാരം കരിങ്കല്ല് നിരത്തി റോഡരികിലെ കുഴി അടക്കുന്ന പണിയും റോഡ് നിര്‍മാണവും ആഴ്ചകള്‍ക്ക് മുമ്പ് പൂര്‍ത്തിയായി. ഇനി ഗ്രാവല്‍ ഇടുന്നതും റോഡില്‍ വരയിടുന്നതുമായ പണികള്‍ മാത്രമാണ് ശേഷിക്കുന്നത്. അരിക് കോണ്‍ക്രീറ്റ് ചെയ്യേണ്ടത് മറ്റൊരു കരാറുകാരനാണ്. ആറാട്ടുപുഴ-വലിയഴീക്കല്‍ റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായാണ് റോഡരിക് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തേണ്ടത്. എന്നാല്‍, റോഡ് നിര്‍മിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും റോഡരിക് കോണ്‍ക്രീറ്റ് ചെയ്യുന്ന പണി നടത്തിയില്ല. റോഡ് നിര്‍മാണവും അരിക് ബലപ്പെടുത്തലും ഒരുപോലെ നടത്താതിരുന്നതാണ് റോഡ് കൂടുതല്‍ തകരാന്‍ കാരണമായതെന്ന് ആക്ഷേപമുണ്ട്. തിരമാലകള്‍ അടിച്ചുകയറിയാല്‍ അരികിലെ കല്ലുകള്‍ ഇളകിത്തെറിക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ളെന്നായിരുന്നു പി.ഡബ്ള്യൂ.ഡി അധികൃതരുടെ അവകാശവാദം. റോഡ് തകര്‍ന്നതോടെ ലക്ഷങ്ങള്‍ മുടക്കിയ പദ്ധതി പാഴായി. ഒരു ദിവസത്തെ കടലാക്രമണത്തില്‍തന്നെ റോഡ് തകര്‍ന്നു. കടല്‍ ഭിത്തി ബലപ്പെടുത്താതെ റോഡ് നിര്‍മിച്ചാല്‍ നിലനില്‍ക്കില്ളെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇവിടത്തെ കടലാക്രമണ പ്രതിരോധത്തെക്കുറിച്ച് വിദഗ്ധര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു അധികൃതരുടെ മറുപടി. റോഡരിക് ബലപ്പെടുത്തുന്ന പണി ചെയ്തിരുന്നെങ്കില്‍ റോഡിന്‍െറ തകര്‍ച്ച ഇത്രയും ഉണ്ടാകുമായിരുന്നില്ല. റോഡ് നശിച്ച സ്ഥിതിക്ക് ഇനി റോഡരിക് കോണ്‍ക്രീറ്റ് ചെയ്തിട്ട് എന്ത് കാര്യമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കിയിട്ടും യാത്രാദുരിതത്തിന് അറുതിവരാത്തതിന്‍െറ സങ്കടത്തിലാണ് തീരവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.