അപകട ഭീഷണിയുയര്‍ത്തി റോഡുമാര്‍ഗം വാതക നീക്കം; ദുരന്തനിവാരണ സമിതി നിര്‍ജീവം

കൊച്ചി: ഫാക്ടിന്‍െറ അമോണിയ നീക്കത്തിന്‍െറ സിംഹഭാഗവും കൊണ്ടുപോകുന്നത് റോഡ് മാര്‍ഗം. സുരക്ഷാനടപടി സ്വീകരിക്കാതെയാണ് റോഡ് മാര്‍ഗം ഫാക്ട് കൊച്ചിന്‍ ഡിവിഷനിലേക്ക് അമോണിയ കൊണ്ടുപോകുന്നത്. ജലമാര്‍ഗമുള്ള അമോണിയനീക്കം തന്നെ ഗുരുതര സുരക്ഷാഭീഷണിയായിരിക്കെയാണ് സുരക്ഷാമാനദണ്ഡം കാറ്റില്‍പ്പറത്തി റോഡ് മാര്‍ഗം ടാങ്കറുകളില്‍ ഫാക്ടിന്‍െറ അമോണിയ നീക്കം നടക്കുന്നത്. ഫാക്ട് അമ്പലമേട് ഡിവിഷനില്‍ കാപ്രോലാക്ടം ഉല്‍പാദനത്തില്‍ ആവശ്യമുള്ളതിന്‍െറ വെറും 192 ടണ്‍ അമോണിയ മാത്രമാണ് താരതമേന്യ അപകടം കുറഞ്ഞ ജലമാര്‍ഗം കൊണ്ടുപോകുന്നത്. 500 മെട്രിക് ടണ്‍ അമോണിയമാണ് ഫാക്ടിന് കാപ്രോലാക്ടം ഉല്‍പാദനത്തിന് ആവശ്യമുള്ളത്. ഇതില്‍ 400 മെട്രിക് ടണ്‍ അമോണിയ ഫാക്ട് റോഡ് മാര്‍ഗമാണ് അമ്പലമേട്ടില്‍ എത്തിക്കുന്നത്. ആവശ്യമുള്ളതിന്‍െറ ചെറിയൊരു ഭാഗം അമോണിയ ജലമാര്‍ഗം കൊണ്ടുപോകാന്‍ ഫാക്ട് അധികൃതര്‍ തുനിഞ്ഞത് കോടതി വിധിയെ തുടര്‍ന്നാണ്. സുരക്ഷ കണക്കിലെടുത്ത് റോഡ് മാര്‍ഗമുള്ള അമോണിയ നീക്കം ഉപേക്ഷിക്കണമെന്നും ജലമാര്‍ഗം സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ജനങ്ങളും വാഹനങ്ങളും തിങ്ങിനിറഞ്ഞ കൊച്ചിയിലെ വില്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്ന് ടാങ്കറുകളില്‍ അമോണിയ കൊണ്ടുപോകുന്നതിനാണ് ഫാക്ട് അധികൃതര്‍ക്ക് താല്‍പര്യം. റോഡ് മാര്‍ഗത്തെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതാണ് ജലമാര്‍ഗമുള്ള അമോണിയ നീക്കം. കൊച്ചിയില്‍നിന്ന് അമ്പലമേട്ടില്‍ ടാങ്കറുകളില്‍ അമോണിയ എത്തിക്കാന്‍ ശരാശരി 19 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അമോണിയ കയറ്റുന്നതിനും ഇറക്കുന്നതിനും അമ്പലമേട്ടില്‍ എത്തിക്കുന്നതിനും തിരിച്ച് കൊച്ചിയില്‍ വില്ലിങ് ഐലന്‍ഡില്‍ എത്തുന്നതും ഉള്‍പ്പെടെയാണ് 20 മണിക്കൂര്‍ വേണ്ടിവരുന്നത്. 20-25 ടാങ്കറുകളിലാണ് അമോണിയ നീക്കം നടക്കുന്നത്. ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ജലമാര്‍ഗം പേരിനുമാത്രമാണ് അമോണിയ നീക്കം. സിംഹഭാഗവും ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിച്ച് റോഡ് മാര്‍ഗമാണ് കൊണ്ടുപോകുന്നത്. ഫാക്ട് അധികൃതര്‍ക്ക് ലോറി ഉടമകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് കാരണമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. വെള്ളിയാഴ്ച ജലമാര്‍ഗം കൊണ്ടുപോയ അമോണിയ ചോര്‍ന്ന് ജനങ്ങളെ ദുരിതത്തിലാക്കിയ ബാര്‍ജിലും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. ഒരു ബക്കറ്റ് മാത്രമാണ് ഫാക്ട് വാടക്ക് നല്‍കിയ ബാര്‍ജില്‍ സൂക്ഷിച്ചിരുന്നത്. അമോണി സംഭരിച്ചിരുന്ന ടാങ്കിന്‍െറ വാള്‍വില്‍ ചോര്‍ച്ചയുണ്ടായതാണ് ദുരന്തത്തിന് കാരണം. സാധാരണഗതിയില്‍ ബാര്‍ജില്‍ ഉണ്ടാകുന്ന ചോര്‍ച്ച തടഞ്ഞ് അമോണിയ നിര്‍വീര്യമാക്കാനുള്ള ലളിതമായ സംവിധാനം പോലും ഏര്‍പ്പെടുത്തിയിരുന്നില്ല. ടാങ്കില്‍ ലീക്ക്് ഉണ്ടാകുന്ന ഭാഗത്ത് വെള്ളം ചീറ്റിച്ച് അമോണിയ നിര്‍വീര്യമാക്കുന്നതാണ് ഈ ലളിതമാര്‍ഗം. അമോണിയ വായുവില്‍ പരക്കാതിരിക്കാന്‍ ചോര്‍ച്ചയുണ്ടായ ഭാഗത്ത് വെള്ളം ചീറ്റിച്ച് ജലധാരയുണ്ടാക്കുന്ന വാട്ടര്‍ അമ്പര്‍ല സംവിധാനം പോലും അപകടത്തില്‍പെട്ട ബര്‍ജില്‍ സൂക്ഷിച്ചിരുന്നില്ല. സ്ഥലത്തത്തെിയ ജില്ലാ കലക്ടര്‍ ദുരന്തനിവാരണ സേനക്ക് നിര്‍ദേശം നല്‍കിയിട്ടും ചോര്‍ച്ച തടയാന്‍ നടപടിയുണ്ടായില്ല. ഫയര്‍ഫോഴ്സും ഫാക്ടിലെ സാങ്കേതിക വിദഗ്ധരും ചേര്‍ന്നാണ് രാത്രി വൈകി അമോണിയ ചോര്‍ച്ച തടഞ്ഞതും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതും. രാസദുരന്തങ്ങളുണ്ടായാല്‍ നേരിടാനുള്ള അധുനിക സംവിധാനങ്ങളോടുകൂടിയ കെമിക്കല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സംവിധാനവും ജില്ലയില്‍ സജീവമല്ളെന്നാണ് അമോണിയ ചോര്‍ന്നപ്പോള്‍ വെളിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.