ആലുവ : തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്‍തൂക്കവും ഇടതുപക്ഷത്തിന് ഗുണം ചെയ്തില്ല

ആലുവ: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ മുന്‍തൂക്കവും ഇടതുപക്ഷത്തിന് ഗുണം ചെയ്തില്ല. മാസങ്ങള്‍ക്കുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ നേട്ടം വരിക്കാന്‍ ഇടതുപക്ഷത്തിനായിരുന്നു. ആലുവ നഗരസഭ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, കാഞ്ഞൂര്‍, ചെങ്ങമനാട്, ചൂര്‍ണിക്കര, എടത്തല പഞ്ചായത്തുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആലുവ നിയോജക മണ്ഡലം. ഇവിടെയെല്ലാം കഴിഞ്ഞതവണ യു.ഡി.എഫാണ് ഭരിച്ചിരുന്നത്. ഇതില്‍ കീഴ്മാട്, നെടുമ്പാശ്ശേരി, ചൂര്‍ണിക്കര എന്നീ പഞ്ചായത്തുകളില്‍ ഇടതുപക്ഷം ഭരണം നേടിയിരുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ചെങ്ങമനാട് പഞ്ചായത്തില്‍ നറുക്കിലൂടെ ഇടതുപക്ഷത്തിന് പ്രസിഡന്‍റ് പദവിയും ലഭിച്ചിരുന്നു. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ ഭരിച്ചിരുന്ന ആലുവ നഗരസഭയില്‍ അവരുടെ ഭൂരിപക്ഷം കുറക്കാനും സാധിച്ചിരുന്നു. എന്നാല്‍, ഇതൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് ഗുണംചെയ്തില്ല. തങ്ങള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍പോലും ലീഡ് നേടാന്‍ കഴിയാതിരുന്നത് ഇടതിന് നാണക്കേടായി. മികച്ച ഭൂരിപക്ഷമാണ് പഞ്ചായത്തുകളിലും നഗരസഭയിലും അന്‍വര്‍ സാദത്തിന് ലഭിച്ചത്. കോണ്‍ഗ്രസിനകത്തെ ഗ്രൂപ് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ആലുവ നഗരസഭയിലാണ് മികച്ച ഭൂരിപക്ഷം ലഭിച്ചത്. ഇവിടെ 3082 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ഇടതുപക്ഷം ഭരിക്കുന്ന ചൂര്‍ണിക്കരയില്‍ 3045 വോട്ടിന്‍െറയും ഭൂരിപക്ഷമാണ് ലഭിച്ചത്. കീഴ്മാട് പഞ്ചായത്തില്‍ 2776 വോട്ടിന്‍െറയും നെടുമ്പാശ്ശേരിയില്‍ 2146 വോട്ടിന്‍െറയും ശ്രീമൂലനഗരത്ത് 2751 വോട്ടിന്‍െറയും കാഞ്ഞൂരില്‍ 2254 വോട്ടിന്‍െറയും ചെങ്ങമനാട് 1524 വോട്ടിന്‍െറയും എടത്തലയില്‍ 1706 വോട്ടിന്‍െറയും ഭൂരിപക്ഷമാണ് സാദത്തിന് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.