സിറ്റിങ് സീറ്റുകളിലെ പരാജയം ഇടതിനെ വേട്ടയാടുന്നു

കൊച്ചി: ജില്ലയില്‍ നില മെച്ചപ്പെടുത്തിയെങ്കിലും സിറ്റിങ് സീറ്റുകളില്‍ അപ്രതീക്ഷിത പരാജയം എല്‍.ഡി.എഫിന് പ്രഹരമായി. സി.പി.എമ്മിലെ സാജു പോള്‍ ഒന്നരപ്പതിറ്റാണ്ടായി വിജയിച്ചുവന്ന പെരുമ്പാവൂരും തുടര്‍ച്ചയായി രണ്ടുതവണ ജനതാദള്‍ -എസിലെ ജോസ് തെറ്റയില്‍ വിജയിച്ച അങ്കമാലിയുമാണ് എല്‍.ഡി.എഫിന് ഇത്തവണ നഷ്ടപ്പെട്ട സിറ്റിങ് സീറ്റുകള്‍. ജില്ലയില്‍ അഞ്ച് സീറ്റിലത്തെിയെന്ന ആശ്വാസത്തിനിടെയും സിറ്റിങ് സീറ്റുകള്‍ സംരക്ഷിക്കാനാകാത്തത് കനത്ത തിരിച്ചടിയാണെന്നാണ് എല്‍.ഡി.എഫ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. മികച്ച മത്സരം പ്രതീക്ഷിച്ച പറവൂരില്‍ കനത്ത പരാജയവും തിരിച്ചടിയാണ്. 2011ല്‍ വൈപ്പിന്‍, പെരുമ്പാവൂര്‍, അങ്കമാലി എന്നിങ്ങനെ മൂന്ന് സീറ്റില്‍ മാത്രമൊതുങ്ങിയ എല്‍.ഡി.എഫ് ഇത്തവണ വൈപ്പിന്‍ നിലനിര്‍ത്തുകയും മൂവാറ്റുപുഴ, കോതമംഗലം, തൃപ്പൂണിത്തുറ, കൊച്ചി എന്നിങ്ങനെ നാല് സീറ്റുകള്‍ പുതുതായി നേടിയതുമാണ് ചൂണ്ടിക്കാട്ടാവുന്ന നേട്ടം. എന്നാല്‍, ശക്തമായ എല്‍.ഡി.എഫ് തരംഗമുണ്ടായിട്ടും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട മത്സരത്തില്‍ തൃപ്പൂണിത്തുറയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മികവില്‍ കോതമംഗലം, മൂവാറ്റുപുഴ സീറ്റുകളും പിടിച്ചെടുക്കാനായതാണ് എല്‍.ഡി.എഫിന്‍െറ മാനം കാത്തത്. 11 സീറ്റുകളില്‍ മത്സരിച്ച സി.പി.എമ്മില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ടായതും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാകപ്പിഴകളുമാണ് പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ലൈംഗിക അപവാദത്തില്‍പെട്ട ജോസ് തെറ്റയിലിനെ മാറ്റിനിര്‍ത്തി അങ്കമാലിയില്‍ പുതിയ സ്ഥാനാര്‍ഥിയെ കൊണ്ടവന്ന ജനതാദള്‍-എസ് ജില്ലാ നേതൃത്വത്തിന് അങ്കമാലി സീറ്റില്‍ പാരാജയം ഏല്‍ക്കേണ്ടി വന്ന സാഹചര്യം തിരിച്ചടിയാണ്. അങ്കമാലിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന ആരോപണം ജെ.ഡി.എസ്. സംസ്ഥാന നേതൃത്വവും ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.