സാജു പോളിന്‍െറ പരാജയത്തിന് പിന്നില്‍ അടിയൊഴുക്ക്

പെരുമ്പാവൂര്‍: ജിഷ വധമാണ് സാജു പോളിന്‍െറ പരാജയമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം അവകാശപ്പെടുന്നെങ്കിലും ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലങ്ങള്‍ പോലും ഇദ്ദേഹത്തിനെതിരായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. പരാജയം യു.ഡി.എഫ് ക്യാമ്പിലെപോലെ എല്‍.ഡി.എഫിലെ ഒരു വിഭാഗത്തിനും ആശ്വാസമേകുന്നു. സാജു പോളിന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ എതിര്‍ ശബ്ദമുയര്‍ത്തിയവര്‍ക്കാണിത്. എല്‍.ഡി.എഫ് നടത്തുന്ന രാപകല്‍ സമരപ്പന്തലില്‍ ഒത്തുകൂടുന്നവര്‍ സാജു പോളിന്‍െറ പരാജയം പരസ്പരം സംസാരമാക്കിയതല്ലാതെ ഇത് വിലയിരുത്താനോ ചര്‍ച്ചചെയ്യാനോ ഒൗദ്യോഗിക ഒത്തുചേരല്‍ ഉണ്ടായിട്ടില്ല. ഫലമറിഞ്ഞശേഷം വോട്ടണ്ണല്‍ കേന്ദ്രത്തില്‍നിന്ന് പോയ സാജു പോളാകട്ടെ പിന്നീടാരുമായി ബന്ധപ്പെട്ടുമില്ല. സാജു പോളിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ആദ്യമെ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. അവസാനം ചേര്‍ന്ന മണ്ഡലം കമ്മിറ്റിയില്‍ 25 പേരില്‍ 18 പേര്‍ സാജു പോളിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സി. മോഹനന് സീറ്റ് നല്‍കണമെന്നായിരുന്നു വിമതവിഭാഗത്തിലെ ഭൂരിപക്ഷം പേരുടെയും നിലപാട്. സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് അവസാനം പ്രശ്നം പരിഹരിച്ചത്. സാജു പോളിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതിനെതിരെ സി.പി.ഐയും എതിര്‍ത്തിരുന്നു. നാലാം വട്ടവും ഇദ്ദേഹത്തിന് സീറ്റ് നല്‍കുന്ന കാര്യത്തിലായിരുന്നു വിയോജിപ്പ്. പ്രവര്‍ത്തകര്‍ക്കായിരുന്നു ഇക്കാര്യത്തില്‍ പിടിവാശി ഏറെയും. അണികള്‍ പാര്‍ട്ടി യോഗങ്ങളില്‍ ഇത് പ്രകടിപ്പിച്ചിരുന്നു. പരസ്യ എതിര്‍പ്പുമായി രംഗത്തിറങ്ങരുതെന്ന് ഇവര്‍ക്ക് നേതാക്കളുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ആദ്യ ഘട്ടത്തിലെ എതിര്‍പ്പുകള്‍ മത്സര രംഗത്തിറങ്ങിയപ്പോള്‍ മാറ്റിവെച്ചുള്ള പ്രവര്‍ത്തനമാണ് സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.