ജീവനക്കാരുടെ സമരം: മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകള്‍ നിശ്ചലമായി

കാക്കനാട്: ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കി ജീവനക്കാരുടെ സമരം. പെരുമ്പാവൂര്‍ ജോയന്‍റ് ആര്‍.ടി.ഒ ഷാജി മാധവനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ ജോയന്‍റ് ആര്‍.ടി.ഒമാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് ചൊവ്വാഴ്ച കൂട്ട അവധിയെടുത്ത് സമരം ചെയ്തത്. ഓഫിസ് ജീവനക്കാരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്നതിനാല്‍ തിങ്കളാഴ്ച അവര്‍ക്ക് ഓഫ് ഡ്യൂട്ടിയായിരുന്നു. ഇത് മൂലം അഡ്മിനിസ്ട്രേഷന്‍ ജീവനക്കാരും കുറഞ്ഞതോടെയാണ് ഓഫിസ് പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചത്. എറണാകുളം ആര്‍.ടി.ഒ ഓഫിസിന്‍െറ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇവിടെ എം.വി.ഐമാരും എ.എം.വിമാരും ആരും തന്നെ എത്തിയില്ല. ജീവനക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ജില്ലയില്‍ ആകെ ആറ് ജോയന്‍റ് ആര്‍.ടി.ഒമാര്‍ പതിനേഴ് എം.വി.ഐമാര്‍, 33 എ.എം.വി.ഐമാര്‍ ഉള്‍പ്പെടെ 56 ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇവരെല്ലാം പണിമുടക്കിയതിനാല്‍ ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ലേണേഴ്സ് ക്ളാസ്, വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ജില്ലയിലെ എന്‍ഫോഴ്സ്മെന്‍റ് സ്വകാഡ് പ്രവര്‍ത്തനവും മുടങ്ങി. പെരുമ്പാവൂര്‍ ജോയന്‍റ് ആര്‍.ടി.ഒ ഷാജി മാധവന്‍െറ കാര്യത്തില്‍ ഇന്‍റലിജന്‍സ് വിജിലന്‍സ് ഓഫിസര്‍ അന്വേഷണം നടത്തി വകുപ്പ്തല നടപടി മതിയെന്നാണ് ശിപാര്‍ശ ചെയ്തതെന്ന് അറിയുന്നു. എന്നാല്‍, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഇടപെട്ട് ഷാജി മാധവനെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ ചെയ്തുവെന്നാണ് ആരോപണം. നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ അമര്‍ഷം പൂണ്ട ടിപ്പര്‍, ടോറസ് മാഫിയകളും ഉദ്യോഗസ്ഥരും ചേര്‍ന്ന അവിഹിത കൂട്ടുകെട്ടിന്‍െറ ഫലമാണ് ഷാജി മാധവന്‍െറ സസ്പെന്‍ഷനെന്ന് കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.