ഡെങ്കിപ്പനി: ആരോഗ്യവകുപ്പിന്‍െറ അതീവ ജാഗ്രതാ നിര്‍ദേശം

കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പ്രത്യേകിച്ച് കവളങ്ങാട്, നേര്യമംഗലം, കടവൂര്‍, ഇഞ്ചത്തൊട്ടി പ്രദേശങ്ങളില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്‍.കെ. കുട്ടപ്പന്‍െറ അധ്യക്ഷതയില്‍ കോതമംഗലം താലൂക്കാശുപത്രിയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സാമൂഹികാരോഗ്യകേന്ദ്രം/പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍മാര്‍, കോതമംഗലം താലൂക്കാശുപത്രി സൂപ്രണ്ട്, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് പ്രതിനിധി, അഡീഷനല്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍, ജില്ല പ്രോഗ്രാം ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികള്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി. പനി ബാധിത പ്രദേശങ്ങളിലേക്ക് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ഫീല്‍ഡ് ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഫോഗിങ് സ്പ്രേയിങ് ഉള്‍പ്പെടെയുള്ള കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആവശ്യമെങ്കില്‍ ഇതരസ്ഥാപനങ്ങളില്‍നിന്ന് മേല്‍പ്പറഞ്ഞ ലഭ്യമാക്കും. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ പനി വാര്‍ഡുകള്‍ സജ്ജമാക്കാനും പനി ബാധിതരെ കൊതുകുവലകളില്‍ കിടത്താനും സ്ഥാപനമേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കടുത്ത പനി, തലവേദന, സന്ധിവേദന, കണ്ണിനു പിറകിലുള്ള വേദന എന്നീ ലക്ഷണങ്ങളോടുകൂടിയ പനി ഡെങ്കിപ്പനി ആകാം. ഉടനെ ഡോക്ടറുടെ സഹായം തേടുകയോ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയോ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.