വെള്ളൂര്‍ക്കുന്നം മല വീണ്ടും ഇടിഞ്ഞു

മൂവാറ്റുപുഴ: നഗരത്തിലെ വെള്ളൂര്‍ക്കുന്നം മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് മലയുടെ ചെരിവില്‍ സ്ഥിതി ചെയ്യുന്ന നാല് വീടുകള്‍ അപകടാവസ്ഥയിലായി. ബഹുനില മന്ദിരങ്ങള്‍ അടക്കം നിരവധി കെട്ടിടങ്ങള്‍ അപകട ഭീതിയിലാണ്. കനത്ത മഴയത്തെുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് എന്‍.എസ്.എസ് സ്കൂളിന് സമീപത്തായി വെള്ളൂര്‍ക്കുന്നം മലയുടെ ഒരു ഭാഗം വീണത്. എം.സി റോഡരികിലെ മല മുപ്പതടി ഉയരത്തില്‍നിന്നും ഇടിഞ്ഞു വീഴുകയായിരുന്നു. വെള്ളൂര്‍ക്കുന്നം പോക്കളത്ത് ബാവു, വന്നലക്കുടി മേരി, മണക്കണ്ടത്തില്‍ മുഹമ്മദ്, മലേക്കുടി അലി, എന്നിവരുടെ വീടുകളാണ്അപകടാവസ്ഥയിലായത്. ബാവുവിന്‍െറയും, മേരിയുടെയും വീടിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്. രണ്ടടി കൂടി മണ്ണിടിഞ്ഞാല്‍ വീടുകള്‍ തകര്‍ന്നു വീഴും. മണ്ണ് താഴെ എ.പി ടവറിന്‍െറ ഒരു ഭാഗത്തായി വീണു കിടക്കുകയാണ്. കൂടുതല്‍ ഇടിച്ചിലുണ്ടായാല്‍ എ.പി ടവര്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്ക് ഭീഷണിയാകും. മൂന്നു വര്‍ഷം മുമ്പ് അലിയുടെ വീടിനോട് ചേര്‍ന്നും മണ്ണിടിഞ്ഞിരുന്നു. കഴിഞ്ഞ ജൂണില്‍ ഇതിനു സമീപം മലയിടിഞ്ഞ് വീണ് ബഹുനിലമന്ദിരം അടക്കം തകര്‍ന്നിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിക്ക് സമീപമാണ് അന്ന് വെള്ളൂര്‍ക്കുന്നം മല ഇടിഞ്ഞു എം.സിറോഡിലേക്ക് വീണത്. നിരവധി വ്യാപാര സ്ഥാപനങ്ങര്‍ അന്ന് മണ്ണിനടിയില്‍ പോയിരുന്നു. പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്ത മൊഴിവാകുകയും ചെയ്തു. ജലസംഭരണി അടക്കം അപകട ഭീതിയിലായതോടെ വെള്ളൂര്‍ക്കുന്നം മലക്ക് സംരക്ഷണഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഇതിനിടെയാണ് ഇന്നലെ രാവിലെ വീണ്ടും അന്ന് ഇടിഞ്ഞതിന്‍െറ വടക്കുഭാഗത്ത് മലയിടിഞ്ഞത്. വാഴപ്പിള്ളി ഷാപ്പുംപടി മുതല്‍ വെള്ളൂര്‍ കുന്നം വരെ എഴുന്നൂറ് മീറ്റര്‍ നീളത്തില്‍ എം.സി റോഡിന് സമാന്തരമായാണ് അമ്പതടിയോളം ഉയരത്തില്‍ വെള്ളൂര്‍ കുന്നം മല സ്ഥിതി ചെയ്യുന്നത്. സംഭവമറിഞ്ഞ് ജോസഫ് വാഴക്കന്‍ എം.എല്‍.എ സ്ഥലത്തത്തെി ജില്ലാ കലക്ടറോട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.അപകടാവസ്ഥയിലായ നാല് കുടുംബങ്ങളോട് എന്‍.എസ്.എസ് സ്കൂളിലേക്ക് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളൂര്‍ കുന്നം മലക്ക് സംരക്ഷണ ഭിത്തി കെട്ടല്‍ സംസ്ഥാന ബജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.