കൊട്ടിക്കലാശത്തിനു മണിക്കൂറുകള്‍ ബാക്കി; പ്രചാരണത്തിന് വാശിയേറി

ആലുവ: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ശബ്ദപ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശത്തിനു മണിക്കൂറുകള്‍ മാത്രം. അവസാനവട്ടം പ്രചാരണം കൊഴുപ്പിച്ച് മണ്ഡലത്തിന്‍െറ മുക്കിലും മൂലയിലും സ്ഥാനാര്‍ഥികളും അണികളും ഓടിനടക്കുകയാണ്. വാഹന പര്യടനം അവസാനിച്ചതോടെ അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ കൂടിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രമുഖരായ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും എണ്ണം കൂടുതലായതിനാല്‍ ഇന്ന് നടക്കുന്ന കൊട്ടിക്കലാശം മുന്‍വര്‍ഷത്തെക്കാള്‍ ഗംഭീരമാകുമെന്നാണ് പ്രതീക്ഷ. ഇടത് സ്ഥാനാര്‍ഥി അഡ്വ. വി. സലിം വെള്ളിയാഴ്ച വിവിധ പഞ്ചായത്തുകളില്‍ പ്രചാരണം നടത്തി. കീഴ്മാട്, ശ്രീമൂലനഗരം, ചെങ്ങമനാട് പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. രാവിലെ കീഴ്മാട് പഞ്ചായത്തിലെ കുളക്കാട് എലിസബത്ത് പാര്‍ക്ക്, ചാലക്കല്‍ എന്നീ സ്ഥലങ്ങളിലും ശ്രീമൂലനഗരം പഞ്ചായത്തിലെ കൊണ്ടോട്ടി, ചൊവ്വര, ശ്രീമൂലനഗരം ടൗണ്‍, ശ്രീഭൂതപുരം എന്നിവിടങ്ങളിലും പര്യടനം നടത്തി. ഉച്ചക്കുശേഷം ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂര്‍, പറമ്പയം എന്നീ സ്ഥലങ്ങളിലും പ്രചാരണം നടത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് നെടുമ്പാശ്ശേരി പഞ്ചായത്തിലെ അകപ്പറമ്പ് പുനരധിവാസ കോളനിയില്‍ സന്ദര്‍ശനം നടത്തിയാണ് വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ആലുവ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാമിനൊപ്പം തോട്ടക്കാട്ടുകരയിലെ വേലംപറമ്പ്, ജി.സി.ഡി.എ എന്നീ പ്രദേശങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു. ചൂര്‍ണിക്കരയിലെ ഐശ്വര്യ നഗര്‍, കുന്നത്തേരി, ആലുവ സെന്‍റ് ഡൊമിനിക് പള്ളി, അങ്ങാടി, അന്‍സാര്‍ ലൈന്‍, കീഴ്മാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി വോട്ടര്‍മാരെ നേരില്‍ കണ്ടു. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ എട്ട് ദിവസമായി നിയോജക മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തെരുവുനാടകവും ഫിലിം ഷോയും നടന്നു വരുന്നു. എന്‍.ഡി.എ. സ്ഥാനാര്‍ഥി ലതാ ഗംഗാധരന്‍ അഞ്ചാം റൗണ്ട് പ്രചാരണം ആരംഭിച്ചു. രാവിലെ പുറയാര്‍ രണ്ടു സെന്‍റ് കോളനിയില്‍ ഭവന സന്ദര്‍ശനം നടത്തി. നെടുമ്പാശ്ശേരി പഞ്ചായത്തിലെ വിവിധ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തി. വൈകീട്ട് കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ റോഡ് ഷോകളില്‍ പങ്കെടുത്തു. നാളെ ആലുവ നഗരത്തില്‍ റോഡ് ഷോയോടു കൂടി പരസ്യ പ്രചാരണം അവസാ നിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പി.ഐ. സമദ് ശ്രീമൂലനഗരം പഞ്ചായത്തില്‍ വാഹന പര്യടനം നടത്തി. പുറയാര്‍ ജങ്ഷനില്‍ എസ്.എം. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി, ചൊവ്വര, തെറ്റാലി, ഏടനാട്, ശ്രീമൂലനഗരം, മില്ലുംപടി, തിരുവൈരണിക്കുളം, പുതിയിടം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ശാന്തിനഗറില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സക്കരിയാ, പി.എസ്. നൗഷാദ്, ഫാരിസ് എന്നിവര്‍ സംസാരിച്ചു. അവസാന ദിവസത്തെ പ്രചാരണങ്ങള്‍ ശനിയാഴ്ച കാഞ്ഞൂരില്‍ നടക്കും. സ്വതത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജനസേവ കോണ്‍ഗ്രസിലെ ജോസ് മാവേലിയും ശക്തമായ പ്രചാരണമാണ് അവസാന ഘട്ടത്തിലും നടത്തുന്നത്. വാഹന പര്യടനം തുടരുന്നതിന് പുറമേ സ്ത്രീകളടങ്ങുന്ന പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനം നടത്തി പ്രചാരണം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.