നിര്‍മാണം പൂര്‍ത്തിയായിട്ടും സര്‍വിസ് റോഡ് അടച്ചിടുന്നു

ആലുവ: നിര്‍മാണം പൂര്‍ത്തിയായിട്ടും സര്‍വിസ് റോഡ് അടച്ചിടുന്നു . തിരക്കേറിയ ദേശീയപാതയിലെ സര്‍വിസ് റോഡാണ് അധികൃതര്‍ തുറന്നുകൊടുക്കാത്തത്. ദേശീയപാതയില്‍ പറവൂര്‍ കവലക്കും തോട്ടക്കാട്ടുകരക്കും ഇടയില്‍ കിഴക്ക് ഭാഗത്തുള്ള സര്‍വിസ് റോഡാണ് മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഗതാഗതക്കുരുക്ക് രൂക്ഷമായ ഭാഗത്ത് സര്‍വിസ് റോഡ് അടച്ചുപൂട്ടുന്നത് വാഹനങ്ങള്‍ക്കും, യാത്രക്കാര്‍ക്കും ദുരിതമാകുകയാണ്. നഗരത്തിലെ ശക്തമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് സര്‍വിസ് റോഡ് അടക്കുന്നതെന്നാണ് ട്രാഫിക്ക് പൊലീസിന്‍െറ വാദം. സര്‍വിസ് റോഡിന്‍െറ നിര്‍മാണത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ചതിന് പിന്നാലെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെനിന്നും ഒഴിപ്പിച്ചിരുന്നു. ഇത്തരത്തില്‍ നിര്‍മിച്ച റോഡാണ് യാത്രക്കാര്‍ക്ക് ഒരു ഗുണവും ഇല്ലാത്ത വിധത്തില്‍ അടച്ചുകെട്ടി വരുന്നത്. റോഡ് അടച്ചുകെട്ടുന്നത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. ദേശീയപാത നാലുവരിയായി വികസിപ്പിച്ചപ്പോള്‍ കുപ്പിക്കഴുത്തായി മാറിയ ആലുവ തോട്ടക്കാട്ടുകര പറവൂര്‍ കവല ഭാഗത്തിന്‍െറ വികസനം ഇതുമൂലം എങ്ങുമത്തൊത്ത അവസ്ഥയിലാണ്. റോഡിന്‍െറ വികസനത്തിന് സ്ഥലമേറ്റെടുത്തിട്ട് 10 വര്‍ഷത്തിലധികമായെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് സ്ഥലം ഒഴിപ്പിച്ചിടുക മാത്രമാണുണ്ടായത്. ഇത്തരം ഭാഗങ്ങള്‍ കാടുകയറിയും മാലിന്യങ്ങള്‍ നിറഞ്ഞും കിടക്കുകയാണ്. ഇത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നുണ്ട്. ഗതാഗതക്കുരുക്ക് അതിരൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിനായി ഏതാനും വര്‍ഷം മുമ്പ് നഗരസഭ രംഗത്തിറങ്ങി. ഇതിന്‍െറ ഫലമായി തോട്ടക്കാട്ടുകര ഭാഗത്ത് കിഴക്കുവശത്തായി കുറച്ചുവീതി കൂട്ടി, നിലവിലെ റോഡിന്‍െറ ഗതി മാറ്റി സമാന്തര പാലത്തിന് അഭിമുഖമാക്കി ഇതോടനുബന്ധിച്ച് കിഴക്കുവശത്ത് ഒരു സര്‍വിസ് റോഡിന്‍െറ നിര്‍മാണമാരംഭിച്ചെങ്കിലും പാതി വഴിയില്‍നിലച്ചു പോകുകയായിരുന്നു. പിന്നീട്, നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. ഇതാകട്ടെ ആര്‍ക്കും ഉപകാരമില്ലാത്ത അവസ്ഥയിലുമായി. പൊതുമരാമത്ത് മന്ത്രിയുടെ വീടിന്‍െറ പരിസരത്താണ് വര്‍ഷങ്ങളായുള്ള ഈ പ്രശ്നം തുടരുന്നതെന്നതാണ് വിചിത്രം. മണപ്പുറം റോഡിലുള്ള മന്ത്രിയുടെ വീട്ടിലേക്ക് തോട്ടക്കാട്ടുകര കവലയിലൂടെയാണ് കടന്നുപോകേണ്ടത്. വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന റോഡിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി കണ്ടില്ളെന്ന് നടിക്കുകയാണ്. റോഡ് വികസനത്തിനായി ഈ പ്രദേശത്തുനിന്നും പാവപ്പെട്ടവരായ നിരവധി കുടുംബങ്ങളെയും ഒഴിപ്പിച്ചിരുന്നു. വളരെ ധിറുതിപിടിച്ചായിരുന്നു സ്ഥലം ഏറ്റെടുക്കല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.