വൈപ്പിന്‍: ചെറായി ബീച്ചില്‍ പള്ളിപ്പുറം പ്രതിഭാ വായനശാലക്ക് തീവെച്ച സംഭവവുമായി ബന്ധപ്പെട്ട് ഞാറക്കല്‍ സി.ഐ ബി.ജെ.പി പ്രവര്‍ത്തകനെ അജ്ഞാത കേന്ദ്രത്തിലത്തെിച്ച് മര്‍ദിച്ചതായി ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ബി.ജെ.പി വാര്‍ഡ് കമ്മിറ്റിയംഗമായ ചെറായി ബീച്ച് വില്ലാര്‍വട്ടത്ത് നൈജുവിനാണ് (34) മര്‍ദനമേറ്റതായി പറയുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നടുവിനും വയറിനും പരിക്കേറ്റ ഇയാള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മെട്രോ റെയില്‍ ഇലക്ട്രീഷനായ നൈജു വ്യാഴാഴ്ച രാത്രി ഒമ്പതിന് ജോലിക്ക് പോകുമ്പോള്‍ പറവൂര്‍ പെരുമ്പടന്നയില്‍ പൊലീസ് തടഞ്ഞു. വിലങ്ങണിയിച്ച് ജീപ്പില്‍ കയറ്റി ആലുവ ഭാഗത്തേക്ക് കൊണ്ടുപോയി. കാര്യം തിരക്കിയപ്പോള്‍ സി.ഐ മുഖത്ത് അടിച്ചു. പിന്നീട് കണ്ണുകെട്ടി ഏതോ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി കാല്‍വെള്ളയില്‍ മര്‍ദിച്ചു. വായനശാല സംഭവത്തിലെ പ്രതിയാണെന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടു. നിരപരാധിയാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. പിന്നീട് ഇടപ്പള്ളിഭാഗത്ത് വഴിയില്‍ ഇറക്കിവിട്ടു. കൂട്ടുകാരനത്തെിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി, സംസ്ഥാന ആഭ്യന്തരമന്ത്രി, പൊലീസ് കംപ്ളയ്ന്‍റ് അതോറിറ്റി സെല്‍, റൂറല്‍ എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കി. സി.പി.എമ്മിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി പൊലീസ് ബി.ജെ.പി നേതാക്കളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഷബിന്‍ ലാല്‍, കമ്മിറ്റിയംഗങ്ങളായ കെ.വി. അമ്പാടി, മനോജ് ജയറാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഞാറക്കല്‍ സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11ന് ഞാറക്കല്‍ ലേബര്‍ കോര്‍ണറില്‍ ജില്ലാ പ്രസിഡന്‍റ് എന്‍.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. എന്നാല്‍, വ്യാഴാഴ്ച വാഹനപരിശോധനക്കിടെ നിര്‍ത്താതെപോയ ബൈക്ക് പിന്തുടര്‍ന്ന് പറവൂരില്‍നിന്ന് പിടികൂടുകയായിരുന്നെന്ന് ഞാറക്കല്‍ സി.ഐ ടി.ആര്‍. രാജു പറഞ്ഞു. വായനശാല കത്തിച്ച കേസിലെ പരാതിയില്‍ നൈജുവിനെയും പരാമര്‍ശിക്കുന്നതിനാല്‍ തെളിവെടുപ്പിനായാണ് ആലുവയിലും ഇടപ്പള്ളിയിലും കൊണ്ടുപോയത്. ചോദ്യം ചെയ്യലില്‍ തെളിവുകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വൈദ്യപരിശോധന നടത്തി. അമിതവേഗം, നിര്‍ത്താതെ പോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസ് എടുത്ത് വിട്ടയച്ചു. മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.