ക്ഷാമം രൂക്ഷമാകുമ്പാഴും പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലം

മൂവാറ്റുപുഴ: മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലം റോഡിലൊഴുകി പാഴാകുന്നു. വിവരമറിയിച്ചിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ നടപടിയെടുക്കുന്നില്ല. നഗരത്തിലും സമീപ ഗ്രാമപഞ്ചായത്തുകളിലും നിരവധി സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടിയും കണക്ഷനിലെ തകരാര്‍ മൂലവും വെള്ളം റോഡിലും, ഓടകളിലുമായി ഒഴുകുകയാണ്. ഒരു ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിക്കാന്‍ അറുപത് പൈസയാണ് വാട്ടര്‍ അതോറിറ്റിക്ക് ചിലവ്. ഇങ്ങനെ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതില്‍ വലിയൊരളവ് ജലവും പാഴാവുകയാണ്. ജലനഷ്ടത്തോടൊപ്പം പണ നഷ്ടം കൂടിയാണ് ഇതുമൂലം ഉണ്ടാകുന്നത്. മൂവാറ്റുപുഴ നഗരത്തില്‍ മാത്രം മുപ്പതിലേറെ സ്ഥലത്ത് പൈപ്പുപൊട്ടി വെള്ളം റോഡിലൊഴുകുന്നുണ്ട്. ടൗണിന്‍െറ ഹൃദയഭാഗമായ കച്ചേരിത്താഴത്ത് രണ്ടിടത്താണ് പൈപ്പ് പൊട്ടിയത്. കാവുംപടി റോഡ്, 130, കിഴക്കേക്കര, പിറവം റോഡ്, ഉറവക്കുഴി, ടി.ബി. ജങ്ഷന്‍, മാര്‍ക്കറ്റ് റോഡ്, കാവുങ്കര, കടാതി, വാഴപ്പിള്ളി, ആരക്കുഴ റോഡ്, തൃക്ക തുടങ്ങിയ സ്ഥലങ്ങളില്‍ പൈപ്പുപൊട്ടിയിട്ടുണ്ട്. പുറമെ, മൂവാറ്റുപുഴ ഡിവിഷനില്‍നിന്ന് വെള്ളം എത്തുന്ന പായിപ്ര, മാറാടി, വാളകം, ആരക്കുഴ, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലും നിരവധി സ്ഥലങ്ങളില്‍ പൈപ്പുപൊട്ടിയിട്ടുണ്ട്. ഇവയുടെ അറ്റകുറ്റപ്പണി സമയത്ത് ചെയ്യാന്‍ അധികൃതര്‍ തയാറാ കുന്നില്ല. ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും ഒത്തുകളിച്ച് അറ്റകുറ്റപ്പണി നടത്തിയതായി കാണിച്ച് പണം തട്ടുന്നതായും ആക്ഷേപമുണ്ട്. വേനല്‍ കനത്ത് നാടാകെ കുടിവെള്ളത്തിന് ക്ഷാമം നേരിടുമ്പോള്‍ അധികൃതര്‍ അനാസ്ഥ തുടരുന്നതില്‍ വലിയ പ്രതിഷേധമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.