ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ആലങ്ങാട്: കരിങ്ങാംതുരുത്തില്‍ നാലുപേര്‍ക്ക് നായയുടെ കടിയേറ്റു. റോഡിലൂടെ അലഞ്ഞുതിരിഞ്ഞ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കരിങ്ങാംതുരുത്ത് കണ്ണിരിത്തില്‍ പ്രദേശത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ആദ്യം നായയുടെ കടിയേറ്റത് പയ്യപ്പിള്ളി വീട്ടില്‍ സന്തോഷിനാണ്. റോഡിനുസമീപത്ത് നിന്ന സന്തോഷിനെ കവലയിലൂടെ ഓടിവന്ന നായ ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് എത്തിയ അയല്‍വാസി അംബുജന്‍െറ ഭാര്യ സുപ്പിയുടെ കാലിലും കടിയേറ്റു. മേപ്പാടത്ത് അനിയുടെ മകള്‍ സുനിതയാണ് (എട്ട് ) പിന്നീട് നായയുടെ ആക്രമണത്തിനിരയായത്. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാലില്‍ പലയിടത്തായി മുറിവുകളുണ്ട്. നാട്ടുകാര്‍ ഓടിച്ചുവിട്ട നായ സമീപവാസി മുത്തലിബിന്‍െറ ഭാര്യ സജിനിയെയും കടിച്ചു. ഇതോടെ പ്രദേശവാസികള്‍ നായയെ ഓടിച്ച് പിടിച്ച് തല്ലിക്കൊന്നു. പരിക്കേറ്റവര്‍ പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വാക്സിന്‍െറ ലഭ്യതക്കുറവുമൂലം കൊച്ചി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി കുത്തിവെപ്പെടുത്തു. പറവൂര്‍: ഒമ്പത് വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തത്തപ്പിള്ളി കമ്പനിപ്പറമ്പില്‍ രാജുവിന്‍െറ മകന്‍ ആശിക് (ഒമ്പത്), വലിയപറമ്പില്‍ വിമല (48) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. വൈകുന്നേരം അഞ്ചിന് ട്യൂഷന് പോകുമ്പോഴാണ് ആശിക്കിന് കടിയേറ്റത്. കുട്ടിയുടെ നിലവിളികേട്ട് സമീപവാസികള്‍ എത്തിയതാണ് നായയില്‍നിന്ന് രക്ഷപ്പെടുത്തിയത്. അതിനുശേഷം വിമലക്കും കടിയേറ്റു. ഇവരുടെ കാലിന്‍െറ ഉപ്പൂറ്റിയിലാണ് കടിച്ചത്. കടിയേറ്റവര്‍ക്ക് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.