പെരിയാര്‍ മലിനീകരണം, മത്സ്യക്കുരുതി: എല്‍.ഡി.എഫും യു.ഡി.എഫും മാര്‍ച്ച് നടത്തി

കളമശ്ശേരി: പെരിയാറില്‍ അടിക്കടിയുള്ള മലിനീകരണത്തിലും മത്സ്യക്കുരുതിക്കും എതിരെ ഏലൂരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത്. പെരിയാറിനെ രക്ഷിക്കുക, മലിനീകരണം തടയുക എന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ രണ്ടുദിവസങ്ങളിലായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തി. വെള്ളിയാഴ്ച എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലത്തെി പ്രതിഷേധിച്ചു. തുടര്‍ന്ന് ഈ വിഷയത്തില്‍ തിങ്കളാഴ്ച അടിയന്തര കൗണ്‍സില്‍ യോഗവും വിളിച്ചുചേര്‍ത്തു. യു.ഡി.എഫ് തിങ്കളാഴ്ച രാവിലെ മലിനീകരണ നിയന്ത്രണബോര്‍ഡ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തി. ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ളെന്നാണ് അധികൃതരുടെ വിശദീകരണം. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍െറ സാന്നിധ്യത്താല്‍ യോഗം വിളിക്കണമെന്നും യോഗത്തില്‍ രാഷ്ട്രീയക്കാരെയും പങ്കെടുപ്പിക്കണമെന്ന് നേതാക്കള്‍ എന്‍ജിനീയറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സമീപ പഞ്ചായത്തുകളെയും കളമശ്ശേരി മുനിസിപ്പാലിറ്റിയെയും സര്‍വകക്ഷികളെയും ഉള്‍പ്പെടുത്തി പൊതുവേദി രൂപവത്കരിക്കാനും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും ഐകകണ്ഠ്യേന തീരുമാനിച്ചു. മലിനീകരണത്തോടൊപ്പം പുഴയില്‍ അടിഞ്ഞുകൂടുന്ന കുളവാഴകള്‍ നീക്കം ചെയ്യാന്‍ ഇറിഗേഷന്‍ വിഭാഗത്തോട് ആവശ്യപ്പെടാനും പുഴയില്‍ അറവുമാലിന്യങ്ങള്‍ അടക്കം തള്ളുന്നത് തടയാന്‍ നഗരസഭാ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയിലെ പാതാളം മുതല്‍ കിഴക്കന്‍ മേഖലകളിലേക്ക് എടയാര്‍ വ്യവസായ മേഖലയിലെ എല്ല്, തുകല്‍, റബര്‍ കമ്പനികളില്‍നിന്ന് ഉയരുന്ന ദുര്‍ഗന്ധം തടയാന്‍ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രശ്നം ഗൗരവമേറിയതാണെന്നും ഇവ തടയാന്‍ വേണ്ടനടപടി സ്വീകരിക്കാന്‍ പി.സി.ബിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കൗണ്‍സിലില്‍ ചെയര്‍പേഴ്സണ്‍ സിജി ബാബു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.