അര്‍ബുദത്തില്‍നിന്ന് മോചനം: ആത്മവിശ്വാസം പകര്‍ന്ന് ഇന്നസെന്‍റ്

കൊച്ചി: അര്‍ബുദത്തില്‍നിന്ന് മോചനം നേടിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് ഇന്നസെന്‍റ് എം.പി. ഇന്ത്യന്‍ മസ്കുലോസ്കെലിറ്റല്‍ ഓങ്കോളജി സൊസൈറ്റിയുടെ (ഐ.എം.എസ്.ഒ.എസ്) രണ്ടാമത് ദേശീയ സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ‘പ്രതീക്ഷയുടെ തുരുത്ത്’ എന്ന മുഖാമുഖം പരിപാടിയിലാണ് ഇന്നസെന്‍റ് എത്തിയത്. മുഖ്യാതിഥിയായി എത്തിയ ഇന്നസെന്‍റ് രോഗത്തെ തോല്‍പിച്ച കുട്ടികള്‍ക്കും അവര്‍ക്ക് താങ്ങായ രക്ഷിതാക്കള്‍ക്കും കരുത്തുപകര്‍ന്നു. കുട്ടികളുടെ രക്ഷിതാക്കളും അടുത്ത ബന്ധുക്കളും മനോധൈര്യത്തിന്‍െറയും ആത്മവിശ്വാസത്തിന്‍െറയും നിറകുടങ്ങളാകണം. അവര്‍ പകര്‍ന്നുനല്‍കുന്ന ധൈര്യമാണ് കുട്ടികളെ വെല്ലുവിളി അതിജീവിച്ച് വളര്‍ത്തുന്നതും വലുതാക്കുന്നതും ശക്തരാക്കുന്നതും. നിരാശയുണ്ടാക്കുന്ന ചിന്തകളും നെഗറ്റീവ് പറയുന്നവരെയും പൂര്‍ണമായും മാറ്റിനിര്‍ത്തണം. സഹതാപമല്ല, ശാസ്ത്രത്തിലുള്ള വിശ്വാസമാണ് മുന്നോട്ടുനയിക്കേണ്ടത് - ഇന്നസെന്‍റ് പറഞ്ഞു. കാന്‍സറിനെതിരെ ആധുനിക വൈദ്യശാസ്ത്രത്തിന്‍െറ കൂട്ടായ യത്നമാണ് ലോകമൊട്ടുക്കും നടക്കുന്നത്. പ്രതീക്ഷയുടെ തുരുത്തല്ല വന്‍കരതന്നെയാണ് ഡോക്ടര്‍മാര്‍ സൃഷ്ടിക്കുന്നതെന്നും ലോകം അവരുടെ കൈയില്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാകുലപ്പെടുത്തുന്നത് മരുന്നുകളുടെ വിലയാണ്. ഇതുസംബന്ധിച്ച് ലോക്സഭയില്‍ സബ്മിഷന്‍ നടത്തിയിരുന്നു. രോഗം രോഗിയെയല്ല, പോരാളിയെയാണ് സൃഷ്ടിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുദിവസം നീളുന്ന മസ്കുലോസ്കെലിറ്റല്‍ കാന്‍സര്‍ ദേശീയസമ്മേളനം ഇന്‍റര്‍നാഷനല്‍ ലിംപ് സാല്‍വേജ് സൊസൈറ്റി പ്രസിഡന്‍റും അന്താരാഷ്ട്ര ഫാക്കല്‍റ്റിയും പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജനുമായ പ്രഫ. റീന്‍ഹാര്‍ഡ് വിന്‍ഡ്ഹേഗര്‍ (വിയന) ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്‍ എബ്രഹാം, തോമസ് ജഫേഴ്സന്‍ യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഫിലാഡെല്‍ഫിയ, ഡോ. അജയ് പുര (പ്രസി. ഐ.എം.എസ്.ഒ.എസ്), ഡോ. കെ.സി. ഗോപാലകൃഷ്ണന്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.