വിവാദങ്ങള്‍ ഒഴിയുന്നില്ല; ദൃശ്യോത്സവം രാഷ്ട്രീയ യോഗമായി മാറുമെന്ന് ആക്ഷേപം

ആലുവ: ശിവരാത്രി വ്യാപാരോത്സവത്തിന്‍െറ ഭാഗമായ ദൃശ്യോത്സവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ല. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദൃശ്യോത്സവം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ചൊവ്വാഴ്ച രാത്രിയിലും നടത്തിപ്പും പരിപാടികളും സംബന്ധിച്ച തര്‍ക്കങ്ങള്‍ മുറുകുകയാണ്. ഓരോ ദിവസവും തങ്ങളുടെ പാര്‍ട്ടിനേതാക്കളെ കുത്തി നിറക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെയാണ് കലാ സാംസ്കാരിക പരിപാടി രാഷ്ട്രീയക്കാരുടെ പരിപാടിയായി മാറുന്ന ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഓരോ പാര്‍ട്ടിക്കാരും അവരുടെ പ്രചാരണത്തിന് വേദിയാക്കി മാറ്റാനുള്ള ചരടുവലികളിലാണ്. ദൃശ്യോത്സവത്തിന്‍െറ പേരില്‍ നടത്താന്‍ കഴിയുന്ന കണക്കില്ലാത്ത പിരിവുകളും ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ദൃശ്യോത്സവത്തിന്‍െറ ചുക്കാന്‍ നിയന്ത്രിക്കാനുള്ള മത്സരത്തിന് പ്രേരിപ്പിക്കുന്നുമുണ്ട്. ഏഴുദിവസം നീളുന്ന പരിപാടിയില്‍ ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും മാത്രമാണ് കഴിഞ്ഞവര്‍ഷം വരെ ഉണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ ഓരോ ദിവസവും ഓരോ ഉദ്ഘാടനസമ്മേളനം വെച്ചിരിക്കുകയാണ് അധികൃതര്‍. വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടിയിലെ ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളുമാണ് ഉദ്ഘാടകര്‍. കൂടാതെ, ആശംസപ്രസംഗകരായും രാഷ്ട്രീയ പ്രതിനിധികളുടെ നീണ്ടനിരയാണ്. ദൃശ്യോത്സവം ആര് നടത്തണമെന്ന പേരില്‍ നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം കൈകാര്യം ചെയ്യുന്ന എല്‍.ഡി.എഫും തമ്മില്‍ നേരത്തേ തര്‍ക്കം ഉണ്ടായിരുന്നു. പരിപാടി നടത്തുമെന്ന് ഇരുവിഭാഗവും ഉറപ്പിച്ച് പറഞ്ഞതോടെ രണ്ട് പരിപാടി നടക്കുമെന്ന ഘട്ടത്തില്‍ വരെയത്തി കാര്യങ്ങള്‍. എല്ലാ രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രതിനിധികളെ ദൃശ്യോത്സവത്തില്‍ സഹകരിപ്പിക്കാമെന്ന ധാരണയിലാണ് ഒരു പരിപാടിയായി നടത്തമെന്ന തീരുമാനത്തില്‍ ഇരുവിഭാഗവും എത്തിയത്. ഇതോടെ തങ്ങളുടെ നേതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിക്കാരും ശ്രമം തുടങ്ങി. ചൂര്‍ണിക്കര, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റുമാരെ ദൃശ്യോത്സവത്തില്‍ ആശംസയര്‍പ്പിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും എടത്തല, കടുങ്ങല്ലൂര്‍, ചെങ്ങമനാട്, കരുമാല്ലൂര്‍ എന്നീ മറ്റുഅയല്‍ പഞ്ചായത്തുകളിലെ പ്രതിനിധികളെ ക്ഷണിച്ചിട്ടില്ല. പരിപാടിയില്‍ ഉദ്ഘാടകരും മുഖ്യാതിഥികളും ആദരിക്കുന്നവരും ആശംസയര്‍പ്പിക്കുന്നവരുമായി എഴുപതോളം പേരാണ് പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.