ഈടുവസ്തു മറിച്ചുവിറ്റ സംഭവത്തില്‍ അന്വേഷണം ഇഴയുന്നു

കോലഞ്ചേരി: ബാങ്കില്‍ ഈടുവെച്ച വസ്തു മറിച്ചുവിറ്റ സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് മറയ്ക്കാനാണിതെന്ന് ആരോപണമുണ്ട്. സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ എം.ജി റോഡ് ശാഖയില്‍ വായ്പക്കായി ഈടുവെച്ച സ്ഥലം മറിച്ചുവിറ്റ സംഭവത്തിലാണ് ഒരുവര്‍ഷം പിന്നിടുമ്പോഴും അന്വേഷണം ഇഴയുന്നത്. പ്രമുഖ നിര്‍മാണഗ്രൂപ്പിലെ ഡയറക്ടര്‍മാരായ ജിജു പി. മത്തായി, ഭാര്യ അച്ചാമ്മ ജിജു എന്നിവരുടെ പേരില്‍ മുളന്തുരുത്തി വില്ളേജിലെ ബ്ളോക് നമ്പര്‍ 23ല്‍ സര്‍വേ നമ്പര്‍ 423-1, റീ സര്‍വേ നമ്പര്‍ 197-17, 194-26 ല്‍പെടുന്ന 31.778 സെന്‍റ് സ്ഥലവും 6450 സ്ക്വയര്‍ ഫീറ്റ് കെട്ടിടവും ഇവരുടെ പേരില്‍ത്തന്നെ മരട് വില്ളേജില്‍ ബ്ളോക് നമ്പര്‍ 13ല്‍ സര്‍വേ നമ്പര്‍ 883-1, റീ സര്‍വേ നമ്പര്‍ 380-3ലെ 52.123 സെന്‍റ് സ്ഥലവും 18000 ചതുരശ്രയടി കെട്ടിടവുമാണ് ബാങ്കില്‍ ഈടിരിക്കെ മറിച്ചുവിറ്റത്. ഇതടക്കം മറ്റ് പതിനൊന്നിടങ്ങളിലെ സ്ഥലവും ജംഗമവസ്തുക്കളും ഈടായിനല്‍കി 2005ല്‍ ബാങ്കില്‍നിന്ന് 15 കോടി രൂപ വായ്പയെടുത്തിരുന്നു. വായ്പ കുടിശ്ശിക 20 കോടി കവിഞ്ഞതോടെ ഈടുവസ്തുക്കള്‍ ബാങ്ക് കൈവശപ്പെടുത്തുകയും 2014 ഫെബ്രുവരി 22ന് പ്രമുഖ പത്രങ്ങളില്‍ വസ്തു കൈവശമെടുക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇതോടെയാണ് ഈടുവസ്തു മറിച്ചുവിറ്റ വിവരം പുറത്തായത്. ബാങ്ക് കഴിഞ്ഞ മേയില്‍ മരട്, മുളന്തുരുത്തി പൊലീസ് സ്റ്റേഷനുകളില്‍ വായ്പയെടുത്ത ജിജു പി. മത്തായി, അച്ചാമ്മ ജിജു എന്നിവര്‍ക്കെതിരെ പരാതി നല്‍കി. എന്നാല്‍, മേയ് 18ന് പരാതിക്കാരിയായ ബ്രാഞ്ച് മാനേജര്‍ വി. ആര്‍. രേഖയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും തുടരന്വേഷണം നിലക്കുകയായിരുന്നു. സ്ഥലമുടമകളായ ജിജു പി. മത്തായി, അച്ചാമ്മ ജിജു എന്നിവരും ഇവരില്‍നിന്ന് സ്ഥലം വാങ്ങിയ ബാബുജോണ്‍, ഡെയ്സി ജോണ്‍ എന്നിവരും ചേര്‍ന്ന് ബാങ്കിനെ വഞ്ചിക്കുകയായിരുന്നെന്നും ഇതുമൂലം ബാങ്കിന് 6.25 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് ബ്രാഞ്ച് മാനേജര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍, പ്രതികള്‍ക്കെതിരെ നിയമനടപടി സജീവമാക്കാന്‍ ബാങ്ക് കാണിക്കുന്ന ഉദാസീനതയാണ് സംഭവത്തിനുപിന്നില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാക്കുന്നത്. ബാങ്കില്‍ ഈടിരിക്കുന്ന വസ്തുവകകളുടെ ബാധ്യതയടക്കമുള്ള രേഖകള്‍ വര്‍ഷാവര്‍ഷം പരിശോധിച്ച് കൃത്യത ഉറപ്പാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം അട്ടിമറിച്ചതാണ് ഇവിടെ തട്ടിപ്പിന് കളമൊരുങ്ങിയത്. ഇത് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന് പരാതി ലഭിച്ചതോടെ സംഭവത്തില്‍ ആരോപണവിധേയരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബാങ്കിന് നിര്‍ദേശം ലഭിച്ചിരുന്നു. ഇത് മറികടക്കാനാണ് പൊലീസിന് പരാതി നല്‍കിയതെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.