കുന്നുകര പഞ്ചായത്ത് ‘ആപ്പിലായി’

കുന്നുകര: ഗ്രാമപഞ്ചായത്തിലെ വിവിധ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളറിയാന്‍ മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനായി. പഞ്ചായത്തിലെ വിവിധ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, കമ്മിറ്റി തീരുമാനങ്ങള്‍ തുടങ്ങി പഞ്ചായത്ത് നിവാസികള്‍ക്ക് ആവശ്യമായ എല്ലാ സേവനവും മൊബൈല്‍ ഫോണിലൂടെ ലഭിക്കും. ‘കുന്നുകര ഗ്രാമപഞ്ചായത്ത്’ എന്നാണ് ആപ്ളിക്കേഷന്‍െറ പേര്. പ്ളേ സ്റ്റോറില്‍നിന്ന് സൗജന്യമായി ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. പഞ്ചായത്തിലെ ജനസംഖ്യ, വാര്‍ഡുകളെ സംബന്ധിച്ച വിവരങ്ങള്‍, വിവിധ റോഡുകളെക്കുറിച്ച വിവരങ്ങള്‍ എന്നിവ ലഭ്യമാകും. ഭരണസമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട വിവിധ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഈ ആപ്ളിക്കേഷന്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും. അജണ്ട, മിനുട്സ്, തീരുമാനങ്ങള്‍, അംഗങ്ങളുടെ ചോദ്യങ്ങള്‍, പ്രമേയങ്ങള്‍ തുടങ്ങിയവയും മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനിലൂടെ അറിയാന്‍ സാധിക്കും. വാര്‍ഡ്, ഗ്രാമസഭകളുടെ വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. പഞ്ചായത്തില്‍നിന്നുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതിന് അപേക്ഷഫോറവും ആപ്ളിക്കേഷന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നാടിന്‍െറ വികസനത്തില്‍ വളര്‍ന്നുവരുന്ന തലമുറയുടെ പങ്ക് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആപ്ളിക്കേഷന് രൂപം നല്‍കിയത്. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകുന്ന ഈ ആപ്ളിക്കേഷന്‍ വിന്‍ഡോസ്, ഐ ഫോണ്‍ എന്നിവയില്‍കൂടി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ആപ്ളിക്കേഷന്‍െറ ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഫ്രാന്‍സിസ് തറയില്‍ അധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീന സെബാസ്റ്റ്യന്‍, പാറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സീന സന്തോഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.യു. ജബ്ബാര്‍, ഷിജി പ്രിന്‍സ്, പി.വി. തോമസ്, പഞ്ചായത്തംഗങ്ങളായ ഷീജ ഷാജി, സി.എം. വര്‍ഗീസ്, തോമസ് മാടാനി, ഷീബ പോള്‍സണ്‍, പി.എ. കുഞ്ഞുമുഹമ്മദ്, ഷീബ കുട്ടന്‍, ഷിജി ജോഷി, പി.കെ. അജികുമാര്‍, രതി സാബു, ഷാനിബ മജീദ്, പഞ്ചായത്ത് സെക്രട്ടറി ടി.കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.