തീരദേശത്തെ മൂന്ന് റോഡ് തകര്‍ന്നു; ദേശീയ ഗുണനിലവാരം പുകമറ മാത്രമായി

ആറാട്ടുപുഴ: തൃക്കുന്നപ്പുഴ-ആറാട്ടുപുഴ തീരദേശ റോഡിന്‍െറ പുനര്‍നിര്‍മാണത്തില്‍ അഴിമതി നടന്നെന്ന് വ്യക്തമാകുന്ന രീതിയില്‍ റോഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ദേശീയ ഗുണനിലവാരത്തില്‍ നിര്‍മിച്ചതെന്ന് അവകാശപ്പെട്ട റോഡുകളാണ് പൊളിഞ്ഞത്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. പൊതുമരാമത്തുമന്ത്രിയും സ്ഥലം എം.എല്‍.എ കൂടിയുമായ ആഭ്യന്തരമന്ത്രിയും നേരിട്ടത്തെി റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടു. തകര്‍ന്ന റോഡ് പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കുമെന്ന് അവര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും അഴിമതി പകല്‍പോലെ വ്യക്തമായിട്ടും തുടര്‍ നടപടി പ്രഹസനമാക്കാന്‍ നീക്കം നടക്കുന്നെന്നാണ് ജനങ്ങളുടെ ആക്ഷേപം. തൃക്കുന്നപ്പുഴ മുതല്‍ ആറാട്ടുപുഴ വരെയുള്ള അഞ്ചര കി.മീ. റോഡിന്‍െറ പുനര്‍നിര്‍മാണത്തിന് അഞ്ചര കോടിയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ബി.എം ആന്‍ഡ് ബി.സി (ബിറ്റുമിന്‍ മെക്കാഡം ആന്‍ഡ് ബിറ്റുമിന്‍ കോണ്‍ക്രീറ്റ്) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ടാര്‍ ചെയ്ത് ഗുണനിലവാരത്തിലുള്ള റോഡ് നിര്‍മിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. നിര്‍മാണപ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് വിവിധ തരത്തിലെ പരിശോധനകളും നടത്തണമെന്നാണ് ചട്ടത്തിലുള്ളത്. എന്നാല്‍, ഗുണനിലവാരം ഉറപ്പുവരുത്തേണ്ട ജീവനക്കാര്‍തന്നെ ക്രമക്കേടിന് കൂട്ടുനിന്നതോടെ റോഡ് നിര്‍മാണം പ്രഹസനമായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡില്‍ അപകടഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകളും തെങ്ങുകളും നീക്കം ചെയ്യണമെന്ന ആവശ്യം പി.ഡബ്ള്യു.ഡി അധികൃതരും കരാറുകാരനും പരിഗണിച്ചിട്ടില്ല. ബി.എം ആന്‍ഡ് ബി.സി ടാറിങ് നടത്തുമ്പോള്‍ കുഴികളിലെ മെറ്റലും പൊടിയും യന്ത്രം ഉപയോഗിച്ച് പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും അല്‍പം പോലും നീക്കം ചെയ്യാതെ ടാറിങ് നടത്തുകയായിരുന്നു. പൊടിയുടെ മുകളില്‍ ടാര്‍ ചെയ്താല്‍ ടാര്‍ റോഡുമായി ഒട്ടിച്ചേരാതെ ഇളകി പോകില്ളേയെന്ന് നാട്ടുകാര്‍ സംശയം ഉന്നയിച്ചപ്പോള്‍ പുതിയ സാങ്കേതികവിദ്യ യാണെന്നായിരുന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍െറ മറുപടി. എന്നാല്‍, പൊടി നീക്കുന്ന യന്ത്രം കേടായതിനാലാണ് കരാറുകാരന്‍ എളുപ്പവഴി സ്വീകരിച്ചതത്രേ. പിറ്റേദിവസം റോഡ് പണി പരിശോധിക്കാന്‍ എത്തിയ മേലുദ്യോഗസ്ഥരുടെ വാഹനം കടന്നുപോയപ്പോള്‍ ടാറിങ് ഇളകാന്‍ തുടങ്ങിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. ഇളകിയ ഭാഗങ്ങളിലാകട്ടെ ടാറിങ്ങിന്‍െറ കനം വളരെ കുറവുമായിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് റോഡ് നിര്‍മാണത്തിലെ ക്രമക്കേട് ബോധ്യപ്പെടുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പണി തടസ്സപ്പെടുകയായിരുന്നു. നടന്നുപോയാല്‍ ഇളകിപ്പോകുന്ന വിധം ദുര്‍ബലമാണ് ടാറിങ്ങെന്ന് നാട്ടുകാര്‍ അധികാരികളെ ബോധ്യപ്പെടുത്തി. ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ പടിഞ്ഞാറേ ജുമാമസ്ജിദിന് സമീപം വരെ പൂര്‍ണമായും പത്തിശേരില്‍ ജങ്ഷന് തെക്ക് ഭാഗം വരെ ഭാഗികമായും പൊടി നീക്കാതെയാണ് ടാറിങ് നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വലിയഴീക്കല്‍ പാലത്തിന്‍െറ തറക്കല്ലിടല്‍ ചടങ്ങിനത്തെിയ പൊതുമരാമത്തുമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥലത്തത്തെി റോഡ് നിര്‍മാണം പരിശോധിക്കുകയും ഉദ്യോഗസ്ഥരെയും കരാറുകാരനെയും താക്കീത് ചെയ്ത ശേഷം പൊളിച്ചുനീക്കി വീണ്ടും ടാര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. നിഷ്കര്‍ഷിച്ച നിലവാരത്തിലല്ല നിര്‍മാണമെന്ന് തെളിഞ്ഞാല്‍ കരാറുകാരന്‍ സ്വന്തം ചെലവില്‍ പ്രസ്തുത നിര്‍മാണം പൊളിച്ചുനീക്കി ഗുണനിലവാരത്തിലുള്ള നിര്‍മാണം നടത്തണമെന്നാണ് പൊതുമരാമത്ത് ചട്ടത്തിലുള്ളത്. എന്നാല്‍, എതാനും ചില ഭാഗങ്ങള്‍ മാത്രം പൊളിച്ചുനീക്കി റോഡ് നിര്‍മാണം പുനരാരംഭിക്കാനുള്ള നീക്കമാണ് നടത്തുന്നത്. റോഡ് നിര്‍മിച്ചതിന്‍െറ ബില്ല് പാസാകണമെങ്കില്‍ പൊതുമരാമത്ത് വകുപ്പിന് അകത്തും പുറത്തുമുള്ള വിദഗ്ധര്‍ ഗുണനിലവാരപരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ വരുതിയിലാക്കിയും കരാറുകാരന് ചട്ടങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് ബോധ്യപ്പെട്ടിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പേരിനുപോലും നടപടി സ്വീകരിക്കാത്തത് ഇതിന് തെളിവായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.