വേനല്‍ കടുത്തപ്പോള്‍ ജപ്പാന്‍ പൈപ്പ് പൊട്ടലോട് പൊട്ടല്‍

വടുതല: കത്തുന്ന ചൂടിലും ജപ്പാന്‍ കുടിവെള്ള പദ്ധതികൊണ്ട് ചേര്‍ത്തലക്കാര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. റോഡ് കുളമാക്കി ജപ്പാന്‍ പൈപ്പ് പൊട്ടല്‍ വ്യാപകമായി. പ്രധാന പൈപ്പായ ജി.ആര്‍.പിയില്‍നിന്ന് വീടുകളിലേക്കും മറ്റും കുടിവെള്ളം കടത്തിവിടുന്ന ഉപ പൈപ്പാണ് താലൂക്കിന്‍െറ വിവിധഭാഗങ്ങളില്‍ പൊട്ടുന്നത്. പൈപ്പ് പൊട്ടിയ ഭാഗത്തുണ്ടാകുന്ന കുഴി കുളമായി മാറുകയാണ്. ഏറെനേരം കുടിവെള്ളം പാഴായ ശേഷമാണ് അധികൃതരത്തെി ലൈന്‍ ഓഫ് ചെയ്യുന്നത്. ഇതോടെ, പ്രദേശത്ത് പലയിടത്തും വെള്ളമില്ല. നന്നാക്കല്‍ ജോലികള്‍ വൈകിയാണ് ആരംഭിക്കുന്നത്. റോഡിലുണ്ടായ വെള്ളക്കെട്ട് ഡ്രൈവര്‍മാരെയും വ്യാപാരികളെയും കാല്‍നടയാത്രികരെയും ഒരുപോലെ വലക്കുകയാണ്. വെള്ളം കടന്നുപോകുമ്പോഴുള്ള അമിത സമ്മര്‍ദം കാരണമാണ് പൈപ്പ് പൊട്ടുന്നതെന്നാണ് അധികൃതരുടെ പതിവ് വിശദീകരണം. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ തെക്കേക്കരയില്‍ കഴിഞ്ഞദിവസം പൈപ്പുപൊട്ടി. ഫെബ്രുവരിയില്‍ ചേര്‍ത്തല താലൂക്കിലെ ആറോളം സ്ഥലങ്ങളിലായി ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ലിറ്റര്‍ കണക്കിന് കുടിവെള്ളം പാഴാകുകയും നാട്ടുകാര്‍ക്ക് ദിവസങ്ങളോളം കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തു. ഇത് പതിവായതിനാല്‍ അധികൃതരും ലാഘവത്തോടെയാണ് കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.