ആലുവ: ഉളിയന്നൂര്‍ ഭാഗത്ത് അനധികൃതമായി പാടം നികത്തുന്നു. ഒരിടവേളക്കുശേഷം വിവിധ ഭാഗങ്ങളില്‍ നിലംനികത്തല്‍ വീണ്ടും സജീവമായിരിക്കുകയാണ്. പാടശേഖരത്തിനോട് ചേര്‍ന്ന കരഭൂമികളില്‍ ചെറിയ ഗോഡൗണ്‍, ഷെഡ് എന്നിവ നിര്‍മിച്ചാണ് പാടം നികത്തുന്നത്. ഇത്തരം സ്ഥലങ്ങളിലേക്കുള്ളതെന്ന പേരിലാണ് മണ്ണ് എത്തിക്കുന്നത്. അതിനാല്‍ തന്നെ ഇതിനെതിരെ പ്രശ്നങ്ങളുണ്ടാകാറില്ല. ഇതിന് പുറമെ കെട്ടിട നിര്‍മാണ മാലിന്യങ്ങളും തള്ളുന്നുണ്ട്. എന്നാല്‍, ഇത്തരത്തില്‍ കൊണ്ടുവരുന്ന മണ്ണെല്ലാം പാടങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നതായി നേരത്തെ പരാതികളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ ഇടപെടലോടെ ഏകദേശം ഒരുവര്‍ഷം മുമ്പ് നിലംനികത്തല്‍ തടഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും നികത്തല്‍ ആരംഭിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത തക്കം നോക്കിയാണ് ഭൂമാഫിയകള്‍ വീണ്ടും മണ്ണടി തുടങ്ങിയിട്ടുള്ളത്. അധികൃതരുടെ മൗനാനുവാദവും പിന്തുണയും നിലം നികത്തലുകാര്‍ക്കുള്ളതായും ആക്ഷേപമുണ്ട്. തങ്ങള്‍ തിരക്കിലാകുന്ന സമയം കണക്കാക്കി എത്രയുംവേഗം നിലങ്ങള്‍ നികത്തിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഭൂമാഫിയകള്‍ക്ക് നിര്‍ദേശം നല്‍കിയതിനാലാണ് തിരക്കിട്ട് നിലം നികത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നഗരങ്ങളിലെ മാലിന്യങ്ങള്‍ കൊണ്ടിട്ടാണ് തുടക്കത്തില്‍ തണ്ണീര്‍തടങ്ങള്‍ നികത്തുന്നത്. പിന്നീട് ഇതിന് മുകളിലായി കെട്ടിടാവശിഷ്ടങ്ങളും മറ്റ് തരത്തിലുള്ള മണ്ണും കൊണ്ടിടുകയാണ്. പാടം നികത്തല്‍ ഉളിയന്നൂര്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിന് ഇടയാക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. പെരിയാറിനാല്‍ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും അനധികൃത മണലൂറ്റ് മൂലം ഗ്രാമത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കിണറുകള്‍ വേനലിന്‍െറ തുടക്കത്തില്‍ വറ്റിതുടങ്ങി. കിണറുകളിലെ വെള്ളത്തില്‍ പലഭാഗങ്ങളിലും ചുവപ്പ് ചളിയുടെ അംശവുമുണ്ട്. ഇതിനിടയില്‍ നിലം നികത്തല്‍കൂടി ആയാല്‍ ഗ്രാമത്തില്‍ എവിടേയും വെള്ളം കിട്ടാത്ത അവസ്ഥയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.