മഹാരാജാസ് കോളജ് ബിരുദ പ്രവേശം ഗവേണിങ് കൗണ്‍സില്‍ അട്ടിമറിച്ചെന്ന്

കൊച്ചി: അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശം വൈകിപ്പിച്ച് ഗവേണിങ് കൗണ്‍സില്‍ അട്ടിമറിച്ചെന്ന് വിദ്യാര്‍ഥിസംഘടന എസ്.എഫ്.ഐ. അഡ്മിഷന്‍ പ്രക്രിയ താറുമാറാക്കിയ ഗവേണിങ് കൗണ്‍സിലിനും പ്രിന്‍സിപ്പലിനുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും മഹാരാജാസ് കോളജ് യൂനിറ്റ് ആവശ്യപ്പെട്ടു. നഗരത്തിലെ എല്ലാ സ്വയംഭരണ കോളജുകളിലും ഈ മാസം ആദ്യവാരംതന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി പത്താം തീയതിയോടെ ബിരുദ ക്ളാസുകള്‍ ആരംഭിച്ചെങ്കിലും മഹാരാജാസിലെ അഡ്മിഷന്‍ നടപടികള്‍ ഈ മാസം 20നാണ് ആരംഭിച്ചത്. ക്ളാസ് തുടങ്ങുന്നതാവട്ടെ ജൂലൈ പതിനൊന്നിനും. വിദ്യാര്‍ഥികള്‍ക്ക് ഒരുമാസത്തെ ക്ളാസ് തുടക്കത്തില്‍തന്നെ നഷ്ടമായിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എം.ജി യൂനിവേഴ്സിറ്റി പ്രവേശനടപടികള്‍ ആരംഭിച്ച ഈ മാസം 20നുതന്നെയാണ് മഹാരാജാസിലും അഡ്മിഷന്‍ ആരംഭിച്ചത്. സ്വയംഭരണത്തിലൂടെ അഡ്മിഷന്‍ വളരെ വേഗം നടത്തി മികച്ച വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് ക്ളാസുകള്‍ വേഗം തുടങ്ങി അക്കാദമിക്ക് നിലവാരം വര്‍ധിപ്പിക്കാമെന്ന അധികൃതരുടെ വാദമാണ് ഇതിലൂടെ പൊളിയുന്നതെന്നും അവര്‍ ആരോപിച്ചു. അലോട്ട്മെന്‍റ് അഡ്മിഷന്‍ വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ അറിയിക്കുന്നതില്‍ അധികാരികള്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചെന്നും യൂനിയന്‍ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.