ദലിത് കുടുംബത്തിന്‍െറ അടുക്കള പൊളിച്ച സംഭവം: പ്രതിഷേധം ശക്തം

വടുതല: ദലിത് കുടുംബത്തിന്‍െറ അടുക്കള വെട്ടിപ്പൊളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. പാണാവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുളിങ്ങാപ്പള്ളി ധന്യ വിനോദിന്‍െറ പേരിലെ മൂന്ന് സെന്‍റ് ഭൂമിയില്‍ താമസിക്കാന്‍ നിര്‍മിച്ച ഷെഡിന്‍െറ അടുക്കളയാണ് കഴിഞ്ഞദിവസം പൊളിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി ദലിത് സംഘടനകളും വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുവന്നു. ദലിതന് നേരെയുള്ള പീഡനങ്ങള്‍ മാപ്പര്‍ഹിക്കാത്തതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പാണാവള്ളി പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു. അടുക്കള പൊളിച്ച സംഭവത്തിലെ കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ കെ.പി.എം.എസും തീരുമാനിച്ചു. വാര്‍ഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ വേണ്ടി മുന്നറിപ്പ് നല്‍കാതെയാണ് അടുക്കള പൊളിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും സെക്രട്ടറിയുടെയും വാര്‍ഡ് മെംബറുടെയും നേതൃത്വത്തിലാണ് അടുക്കള പൊളിച്ചതെന്ന് കെ.പി.എം.എസ് ആരോപിച്ചു. തിങ്കളാഴ്ച ഷെഡിലേക്ക് താമസം മാറാനിരുന്ന കുടുംബം ഇതോടെ ദുരിതത്തിലായി. ധന്യക്ക് പട്ടികജാതി വികസനബോര്‍ഡില്‍നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് മൂന്നുസെന്‍റ് വാങ്ങിയത്. ഈ ഭൂമിയില്‍ നിര്‍മിച്ച ഷെഡിന്‍െറ അടിയിലൂടെ മുമ്പ് വെള്ളം പോകാനുള്ള പൈപ്പ് ഉണ്ടായിരുന്നെന്നും അതിലൂടെ വെള്ളം കടത്തിവിടാനാണ് അടുക്കള പൊളിച്ചതെന്നുമാണ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.