പറവൂരില്‍ ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പറവൂര്‍: നഗരസഭാ ആരോഗ്യവിഭാഗം സ്ക്വാഡ് നഗരത്തിലെ വിവിധ ഹോട്ടലുകള്‍ പരിശോധിച്ചു. ഏഴ് ഹോട്ടലുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു. ദിവസങ്ങളോളം പഴക്കമുള്ള ചപ്പാത്തി, ഫ്രൈഡ് റൈസ്, കോളിഫ്ളവര്‍ കറി, വെള്ളയപ്പം, അച്ചാര്‍, ചോറ്, കൂട്ടുകറികള്‍ എന്നിവയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കല്‍ പൊതുജനശ്രദ്ധക്ക് നഗരസഭാ കാര്യാലയത്തില്‍ പ്രദര്‍ശനത്തിന് വെച്ചു. അടുക്കളയും പരിസരവും വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തൃപ്തികരമായ മറുപടി നല്‍കിയില്ളെങ്കില്‍ സ്ഥാപനം ഘട്ടംഘട്ടമായി അടച്ചുപൂട്ടുന്നതിന് നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. ഹോട്ടല്‍ പരിശോധനക്ക് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അലക്സാണ്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എക്സ്. വിന്‍സണ്‍, ജൂനിയര്‍ ഇന്‍സ്പെക്ടര്‍മാരായ എ.എം. അനൂപ്കുമാര്‍, എ.എന്‍. ഗനി എന്നിവര്‍ പങ്കെടുത്തു. അതേസമയം, പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിടുന്ന കാര്യത്തില്‍ നഗരസഭാ ആരോഗ്യവിഭാഗം ഒളിച്ചുകളി നടത്തുകയാണെന്ന് ആക്ഷേപമുയര്‍ന്നു. റെയ്ഡില്‍ മൂന്ന് ഹോട്ടലുകളില്‍നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം കണ്ടെടുത്തത്. എന്നാല്‍, പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഹോട്ടല്‍ ഉടമകളും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.