പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായതോടെ ഞായറാഴ്ച പെരുമ്പാവൂരിലെ 'ഭായി' മാര്‍ക്കറ്റില്‍ തിരക്കൊഴിഞ്ഞു. പി.പി റോഡിലെ ഗാന്ധി ബസാറിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും ഇതര സംസ്ഥാനക്കാര്‍ കുറഞ്ഞത് ഇവിടത്തെ വ്യാപാരമേഖലക്ക് തിരിച്ചടിയായി. പ്രതിയെ പിടികൂടിയതോടെ ഇതസംസ്ഥാനക്കാര്‍ പലരും പട്ടണത്തിലേക്ക് വരാന്‍ ഭയപ്പെടുകയായിരുന്നു. ഒഴിവായതിലധികവും അസം സ്വദേശികളായിരുന്നു. എറണാകുളം, ആലുവ, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഞായറാഴ്ചകളില്‍ നിരവധി ഇതരസംസ്ഥാനക്കാരാണ് ഇവിടെ എത്തുന്നത്. ഉച്ചക്ക് 12ന് മുമ്പ് പതിവു ഞായറാഴ്ചകളില്‍ 5,000 രൂപക്ക് മേല്‍ വ്യാപാരം നടത്തിയിരുന്ന വഴിയോര കച്ചവടക്കാരന് 1,000 രൂപപോലും ഈ ഞായറാഴ്ച വിറ്റുവരവുണ്ടായില്ല. ജില്ലയിലെതന്നെ അറിയപ്പെടുന്ന 'ഭായി' മാര്‍ക്കറ്റില്‍ വരുന്നവരിലധികവും പെരുമ്പാവൂരിലെ മരക്കമ്പനികളില്‍ പണിയെടുക്കുന്നവരാണ്. ഇവിടങ്ങളിലെയും കോതമംഗലം, മൂവാറ്റുപുഴ, കാലടി തുടങ്ങിയ പാറമടകളിലും ക്രഷറുകളിലും പണിയെടുക്കുന്നവരും നിര്‍മാണ തൊഴിലാളികളും ഇവര്‍ക്കാവശ്യമായ ഒരാഴ്ചത്തെ സാധനങ്ങള്‍ വാങ്ങാന്‍ ഇവിടെ വരും. ബീഡി മുതല്‍ മൊബൈല്‍ ഫോണ്‍ വരെ വാങ്ങി പാതിരാത്രി വരെ തങ്ങിയ ശേഷമാണ് പിരിയുന്നത്. ഇതിനിടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കളുടെ സംഗമവും ഇവിടെയാണ്. തിങ്കള്‍ മുതല്‍ ശനി വരെ തട്ടിമുട്ടിപോകുന്ന വ്യാപാരികളുടെ ഏക പ്രതീക്ഷ ഞായറാഴ്ച കച്ചവടത്തിലാണ്. ഹോട്ടല്‍ മുതല്‍ ഓട്ടോറിക്ഷവരെ സജീവമാകുന്നത് ഇതര സംസ്ഥാനക്കാരിലൂടെയാണ്. കഞ്ചാവ് കേസ് മുതല്‍ കൊലപാതകം വരെയുള്ള കേസുകളിലെ പ്രതികളെ പൊലീസ് ആദ്യം തപ്പുന്നത് 'ഭായി' മാര്‍ക്കറ്റിലാണ്. ജിഷ വധക്കേസ് പ്രതിയുടെ രേഖാചിത്രവുമായി മുന്‍ ഞായറാഴ്ചകളില്‍ പൊലീസ് എത്തിയിരുന്നതായി ഗാന്ധി ബസാറിലെ വ്യാപാരികള്‍ പറഞ്ഞു. ഞായറാഴ്ച മാര്‍ക്കറ്റില്‍ എത്തിയ അസമികള്‍ നാട് വെളിപ്പെടുത്താന്‍ തയാറായില്ല. അസമിയാണെന്ന് സമ്മതിച്ചവര്‍ ജിഷ കൊല്ലപ്പെട്ടതും ഘാതകന്‍ നാട്ടുകാരനായ അമീറുല്‍ ഇസ്ലാം ആണെന്നും അറിഞ്ഞിട്ടില്ല. സ്ഥിരമായി ജോലി ചെയ്യുന്ന കമ്പനികളുടെ ഉടമകളില്‍നിന്ന് ചിലര്‍ വിവരങ്ങള്‍ അറിഞ്ഞിട്ടുണ്ട്. കമ്പനി ഉടമകള്‍ പ്രശ്നത്തിന്‍െറ തീവ്രത അറിയിച്ചതുകൊണ്ടാവാം ഞായറാഴ്ച പുറത്തിറങ്ങാന്‍ ഭയപ്പെടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.