നിര്‍മാണം പാതിവഴിയില്‍; മലയാറ്റൂര്‍ മൃഗാശുപത്രിയുടെ സ്ഥലം കൈയേറുന്നു

കാലടി: നിര്‍മാണം പാതിവഴിയിലായ മലയാറ്റൂര്‍ മൃഗാശുപത്രിയുടെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയേറുന്നു. മലയാറ്റൂര്‍ താഴത്തെ പള്ളിക്ക് സമീപമാണ് 17 സെന്‍റ് സ്ഥലത്തുള്ള ആശുപത്രി നിര്‍മാണം പാതിവഴിയില്‍ നിലച്ച് കിടക്കുന്നത്. സ്വകാര്യ വ്യക്തികള്‍ ഈ സ്ഥലത്തുള്ള വഴി കൈയേറുകയും അടച്ചുകെട്ടുകയും ചെയ്തിട്ടുണ്ട്. ടെന്‍ഡര്‍ ചെയ്ത് മണ്ണടിച്ച് നികത്തി തറകെട്ടി തറ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിസരവാസികളില്‍ ഒരാള്‍ ചെറിയ മൃഗാശുപത്രി പോരെന്നും എല്ലാ സ്ഥാപനങ്ങളോടും കൂടിയുള്ള വലിയ കെട്ടിടം വേണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കി. ഇതോടെ കരാറുകാരന്‍ പണി പാതിവഴിയില്‍ അവസാനിപ്പിച്ചുപോവുകയും ചെയ്തു. കരിങ്കല്ല് ഉപയോഗിച്ച് തറകെട്ടിയ ഭാഗം ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്. കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം കഴിക്കുന്ന മേഖലയില്‍ മൃഗാശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ട നടപടിയും പിന്നീട് വന്ന ഒരു ഭരണസമിതിയും സ്വീകരിച്ചിട്ടില്ല. ഗ്രാമസഭകളിലും വികസന സെമിനാറുകളിലും ഇതുസംബന്ധിച്ച് ശക്തമായ ആക്ഷേപം രേഖപ്പെടുത്തിയെങ്കിലും കെട്ടിടനിര്‍മാണം ആരംഭിച്ചില്ല. എസ്.എന്‍.ഡി.പി ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി കെട്ടിടം ഇടിഞ്ഞുവീഴാറായ നിലയിലാണ്. മൃഗാശുപത്രി നിലനിര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ പഞ്ചായത്തിന്‍െറ മുന്നില്‍ സമരം ആരംഭിക്കുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് കണ്‍വീനര്‍ ടി.ഡി. സ്റ്റീഫന്‍, നിയോജകമണ്ഡലം സെക്രട്ടറി നെല്‍സന്‍ മാടവന, എം.എസ്. ദേവരാജന്‍, തോമസ് കാടപ്പറമ്പന്‍ എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.