മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ വടവുകോട്ട് പ്രവര്‍ത്തിച്ചുവരുന്ന ബ്ളോക് അഗ്രോ സര്‍വിസ് സെന്‍റര്‍ മൂവാറ്റുപുഴ നഗരത്തിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. മൂവാറ്റുപുഴ ബ്ളോക് പഞ്ചായത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ കര്‍ഷകര്‍ക്ക് എളുപ്പം വന്നുപോകാവുന്ന ടൗണിലെ ഏതെങ്കിലും ഭാഗത്തേക്ക് മാറ്റണമെന്ന ആവശ്യമാണുയരുന്നത്. ബ്ളോക്കിനുകീഴിലെ വാളകം, പായിപ്ര, മാറാടി, ആരക്കുഴ, ആയവന, ആവോലി, കല്ലൂര്‍ക്കാട് പഞ്ചായത്തുകളിലെ കര്‍ഷകര്‍ വിവിധ സേവനങ്ങള്‍ക്കായി വളരെ അകലെയുള്ള വടവുകോട് ഗ്രാമത്തില്‍ എത്തേണ്ട ഗതികേടിലാണ്. കാര്‍ഷികരംഗത്തെ യന്ത്രവത്കരണം ത്വരിതപ്പെടുത്തുക, ഉല്‍പാദനച്ചെലവ് കുറക്കുക, ഉല്‍പാദനം വര്‍ധിപ്പിക്കുക, കാര്‍ഷികമേഖലയില്‍ കര്‍ഷകരെ ഉറപ്പിച്ചുനിര്‍ത്തുക, കൃഷി ജോലികള്‍ സുസജ്ജമാക്കുക എന്നീ ലക്ഷ്യത്തോടെ 2015 മാര്‍ച്ചിലാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ല, ബ്ളോക് തലങ്ങളില്‍ അഗ്രോ സെന്‍ററുകള്‍ സ്ഥാപിച്ചത്. എന്നാല്‍, ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നു പോലും സഫലമാകാത്ത സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ യന്ത്രസാമഗ്രികളാണ് നശിക്കുന്നത്. ബ്ളോക് പ്രദേശത്തിന്‍െറ ഒരുകോണില്‍ കിടക്കുന്ന സ്ഥാപനത്തില്‍നിന്ന് യന്ത്രങ്ങള്‍ കാര്‍ഷികവൃത്തിക്കായി മറ്റ് പഞ്ചായത്തുകളിലേക്ക് എത്തിക്കാനാകുന്നില്ല. കാര്‍ഷികരംഗം സമൂലമായി യന്ത്രവത്കരിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ സെന്‍ററില്‍ വിശ്രമത്തിലാണ്. മൂന്ന് ട്രാക്ടറും മെതിയന്ത്രം, കൊയ്ത്തുയന്ത്രം, കളനീക്കുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം, ഓട്ടോമാറ്റിക് പവര്‍ പമ്പ്, കമ്പുകള്‍ മുറിക്കുന്ന യന്ത്രം, കാടുവെട്ടുന്ന യന്ത്രം എന്നിവയും മരുന്നടിക്കുന്ന ഓട്ടോമാറ്റിക് മെഷീന്‍, നടീല്‍ യന്ത്രം, തെങ്ങുകയറ്റ യന്ത്രം, നിരവധി പണിയായുധങ്ങള്‍ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികളാണ് വെറുതെകിടക്കുന്നത്. വര്‍ഷത്തില്‍ 35 ലക്ഷം രൂപ ഗ്രാന്‍റ് ലഭിക്കുന്ന സ്ഥാപനത്തിന് അറ്റാദായമായി വര്‍ഷത്തില്‍ 8 ലക്ഷം രൂപയും കിട്ടുന്നുണ്ട്. ഇത് പത്തുലക്ഷമായി വര്‍ധിപ്പിച്ചാല്‍ ഗ്രാന്‍റ് കൂടുതല്‍ ലഭിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതരത്തില്‍ പരിശീലനം ലഭിച്ച 14 അംഗ സമിതിക്കാണ് നടത്തിപ്പു ചുമതല. പ്രസിഡന്‍റും സെക്രട്ടറിയും ഒരു ഫെസിലിറ്റേറ്ററുമുണ്ട്. കാര്‍ഷികജോലികള്‍ ഏറ്റെടുത്താല്‍ അംഗങ്ങള്‍ക്ക് മണിക്കൂറിന് 85 രൂപ വേതനവും സെന്‍റര്‍ നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അടുത്തിടെ ചില പഞ്ചായത്തുകള്‍ക്ക് നല്‍കിയ കൊയ്ത്ത്-മെതിയന്ത്രങ്ങള്‍ ഉപയോഗിക്കാതെ തുരുമ്പുപിടിച്ച് നശിക്കുകയാണ്. ഇത് അഗ്രോസെന്‍െററിന് കൈമാറിയാല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകും. കൂടുതല്‍ കര്‍ഷകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന മൂവാറ്റുപുഴ ബ്ളോക് ഓഫിസിലേക്കോ ഇ.ഇ.സി മാര്‍ക്കറ്റിലേക്കോ സെന്‍റര്‍ മാറ്റിസ്ഥാപിച്ചാല്‍ മേഖലക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.