പകര്‍ച്ചവ്യാധി: പ്രതിരോധത്തിന് സമഗ്ര നിര്‍ദേശങ്ങളുമായി തൃക്കാക്കരയില്‍ അവലോകന യോഗം

കൊച്ചി: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃക്കാക്കര അസംബ്ളി നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും അവലോകന യോഗം തൃക്കാക്കര മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. പി.ടി. തോമസ്എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പകര്‍ച്ചവ്യാധി ബാധിച്ചവരുടെ വിവരങ്ങളും പ്രതിരോധ നടപടികളും യോഗം വിലയിരുത്തി. മേഖലയിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ അടിയന്തര ആവശ്യങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ ഡി.എം.ഒയെ ചുമതലപ്പെടുത്തി. തൃക്കാക്കരയിലെ കുടിവെള്ളസാമ്പിളുകളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതു ഇടങ്ങളിലെ മാലിന്യം തള്ളല്‍, സെപ്ടിക് മാലിന്യം ജലസ്രോതസ്സുകളില്‍ കലരല്‍, അശാസ്ത്രീയ കുഴല്‍ക്കിണര്‍ നിര്‍മാണം, കാലപ്പഴക്കം മൂലം പൈപ്പുപൊട്ടല്‍ എന്നിവ യോഗം ചര്‍ച്ചചെയ്തു. പല പ്രദേശങ്ങളിലും നാലു ദിവസത്തിലൊരിക്കല്‍ മാത്രമാണ് പൈപ്പുവെള്ളം ലഭിക്കുന്നതെന്ന് ശ്രദ്ധയില്‍പെടുത്തിയതിനത്തെുടര്‍ന്ന് ലഭ്യമായ കുടിവെള്ളം ഉപയോഗിച്ച് എല്ലായിടങ്ങളിലും കൃത്യമായി വിതരണം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. പട്ടികജാതി കോളനികളില്‍ ജലവിതരണം കാര്യക്ഷമമാക്കാനും ആള്‍ത്താമസമില്ലാത്ത പറമ്പുകളിലും കെട്ടിടങ്ങളിലും മാലിന്യം തള്ളുന്നത് തടയാനും സ്ഥലമുടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനമായി. വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. നഗരസഭകളുടെ മാലിന്യസംസ്കരണ സംവിധാനം ഉപയോഗപ്പെടുത്താത്തവര്‍ മാലിന്യം ശാസ്ത്രീയമായാണോ സംസ്കരിക്കുന്നതെന്ന് പരിശോധിക്കും. ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും. ഓരോ വാര്‍ഡിലെയും ആരോഗ്യ -ശുചിത്വ സമിതികളുടെയും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരി കുര്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, കൊച്ചി നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. വി.കെ. മിനിമോള്‍, തൃക്കാക്കര ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ശബ്ന മെഹര്‍ അലി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി. എല്‍ദോ, നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ. പി.എം. സലിം, അഡീഷനല്‍ ഡി.എം.ഒ. ഡോ. ബാലഗംഗാധരന്‍, ആരോഗ്യകേരളം ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. ഹസീന മുഹമ്മദ്, വാട്ടര്‍ അതോറിറ്റി, ആയുര്‍വേദ, ഹോമിയോ തുടങ്ങിയ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തൃക്കാക്കര നഗരസഭയിലെയും കൊച്ചി കോര്‍പറേഷനിലെയും 36 കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു. തൃക്കാക്കര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ജിനു ആനി ജോസ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.