മാന്നാറില്‍ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും റെയ്ഡ്

മാന്നാര്‍: ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ നിരവധി പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി. മാന്നാര്‍ ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഹോട്ടലുകള്‍, ബേക്കറികള്‍, സ്കൂള്‍ പരിസരങ്ങളിലെ പെട്ടിക്കടകള്‍, തട്ടുകടകള്‍, മത്സ്യമാര്‍ക്കറ്റ്, പൗള്‍ട്രി ഫാമുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങളും ആരോഗ്യത്തിന് ഹാനികരമായ കളറുകള്‍, കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങള്‍, പഴക്കമുള്ള പാലുകള്‍, നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഒരു ഹോട്ടല്‍ അടച്ചുപൂട്ടിച്ചു. മറ്റുള്ളവര്‍ക്ക് നോട്ടീസും ശുചീകരിക്കുന്നതിന് സമയവും നല്‍കി. സ്കൂളുകളുടെ സമീപത്തുനിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. സുദീശ്, വിനോദ്കുമാര്‍, അഞ്ജു, അനന്തകൃഷ്ണന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥരായ എസ്. ഷാജി, സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. മിഷന്‍ ക്ളീന്‍ മാന്നാര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് റെയ്ഡുകള്‍ നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രമോദ് കണ്ണാടിശേരില്‍ പറഞ്ഞു. പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കുന്നത് ഉള്‍പ്പെടെ നിയമനടപടികള്‍ വരുംദിനങ്ങളില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.