കൊച്ചി: ഉരുള്‍പൊട്ടല്‍, ഭൂചലനം, വെള്ളപ്പൊക്കം, കടലാക്രമണസാധ്യതാ പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. മുന്‍ കാലങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ സര്‍വേ മാപ് തയാറാക്കിയാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തുടര്‍ച്ചയായി രണ്ടുദിവസം മഴ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളില്‍നിന്ന് പരിസരവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ളേജ് ഓഫിസര്‍മാര്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. അടിയന്തരഘട്ടങ്ങളില്‍ അപകടസാധ്യതാ പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിക്കുന്നവരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ കണ്ടത്തൊനും നിര്‍ദേശിച്ചിട്ടുണ്ട്. ആലുവ താലൂക്കില്‍ മലയാറ്റൂര്‍, അയ്യമ്പുഴ (പെരിയാറിന്‍െറ തീരം), കോതമംഗലം താലൂക്കില്‍ കുട്ടമംഗലം, കുട്ടമ്പുഴ വില്ളേജുകളിലെ കോതമംഗലം പുഴയോരം, ഊന്നുകല്‍, നെല്ലിമറ്റം, ചെങ്കര, പുന്നക്കാട്, നാടുകാണി, കീരമ്പാറ, പെരുമാനൂര്‍, പിണ്ടിമന, മാലിപ്പാറ, ചേലാട്, പൂയംകുട്ടിപ്പുഴ എന്നിവിടങ്ങളിലാണ് മുന്‍കാലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതായി മേഖല തിരിച്ചുള്ള മാപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ദുരന്തനിവാരണ അതോറിറ്റിക്കും നിര്‍ദേശം നല്‍കി. കൊച്ചി, പറവൂര്‍, കണയന്നൂര്‍, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, കോതമംഗലം താലൂക്കുകളിലെ എല്ലാ വില്ളേജ് പരിധികളിലും വെള്ളപ്പൊക്കസാധ്യതാ പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി താലൂക്കിലെ എല്ലാ വില്ളേജുകളും കടലാക്രമണസാധ്യതാ പ്രദേശങ്ങളാണ്. നിലവിലെ സംരക്ഷണഭിത്തികള്‍ക്ക് മുകളില്‍വരെ കടലാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. തീരദേശ മേഖലകളില്‍ മട്ടാഞ്ചേരി, പുതുവൈപ്പ് വില്ളേജുകളിലെ കൊച്ചി, എറണാകുളം കായലോരങ്ങളാണ് ഭൂചലന പ്രദേശങ്ങള്‍. കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ വില്ളേജില്‍ പെരിയാര്‍ തീരവും പൂയംകുട്ടി പുഴയോരവും ആലുവ താലൂക്കില്‍ മലയാറ്റൂര്‍ വില്ളേജില്‍ പെരിയാര്‍ തീരവും ഭൂചലനസാധ്യതാ പ്രദേശങ്ങളാണ്. പഞ്ചായത്തുതലത്തില്‍ ദുരന്തനിവാരണ സമിതികള്‍ സജീവമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മുഴുവന്‍ പഞ്ചായത്തുകളിലെയും റോഡുകള്‍, ജലാശയങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശുപത്രി ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ജില്ലയുടെ സമഗ്ര മാപ് തയാറാക്കിയിട്ടുണ്ട്. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററിനു പുറമെ പ്രാദേശിക സെന്‍ററുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.