മഴ കനത്തു; മൂവാറ്റുപുഴ നഗരം വെള്ളത്തില്‍

മൂവാറ്റുപുഴ: കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനിടയാക്കി. തിങ്കളാഴ്ച രാവിലെ പെയ്ത മഴയെ തുടര്‍ന്ന് ജനവാസകേന്ദ്രമായ കാവുങ്കര മേഖലയിലടക്കം വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നിരവധി വീടുകളിലും വെള്ളം കയറി. ദേശീയപാതയിലെ ചാലിക്കടവ് ജങ്ഷനു പുറമെ വണ്‍വേ ജങ്ഷന്‍, റോട്ടറി റോഡ്, കീച്ചേരിപ്പടി, നിരപ്പ് റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുയര്‍ന്നു. ഓടകളില്‍ മണ്ണുമൂടിക്കിടക്കുന്നതാണ് ഈ മേഖലകളില്‍ വെള്ളക്കെട്ട് ഉയരാന്‍ ഇടയാക്കിയത്. മഴക്കാലത്തിനു മുമ്പേ നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ പൂര്‍ണ തോതില്‍ നടപ്പായില്ല. വ്യാപാര- വ്യവസായ കേന്ദ്രം കൂടിയായ കാവുങ്കര മേഖലയില്‍ ഓടകളിലെ മണ്ണ് നീക്കം ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വണ്‍വേ ജങ്ഷനു സമീപത്തുനിന്നാരംഭിച്ച് റോട്ടറി റോഡിലൂടെ പുഴയിലേക്ക് എത്തിച്ചേരുന്ന രണ്ടു മീറ്ററോളം ആഴമുള്ള ഓടയില്‍ മണ്ണ് നിറഞ്ഞുകിടക്കുന്നതാണ് വണ്‍വേ ജങ്ഷന്‍ മുതല്‍ റോട്ടറി റോഡുവരെയുള്ള ഭാഗത്ത് വെള്ളക്കെട്ടുയരാന്‍ കാരണം. ഈ ഭാഗത്ത് വെള്ളക്കെട്ടുയര്‍ന്നത് സമീപത്തെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വിനയായി. വീടുകളിലേക്കടക്കം വെള്ളം കയറുകയും ചെയ്തു. കഴിഞ്ഞ ദിവസം ഓടയുടെ നിര്‍മാണം പൂര്‍ത്തിയായ ചാലിക്കടവ് ജങ്ഷനില്‍ തിങ്കളാഴ്ചയും വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. വെള്ളക്കെട്ടുയര്‍ന്നതോടെ നഗരത്തിലെ ഗതാഗതവും താറുമാറായി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് സമീപം മുതല്‍ കാവുംപടി ശിവക്ഷേത്രത്തിന് മുന്‍വശം വരെയുള്ള റോഡില്‍ വെള്ളമുയര്‍ന്നു. നഗരത്തിലെ എം.സി റോഡിന് സമാന്തരമായി പോകുന്ന റോഡില്‍ വന്‍ വെള്ളക്കെട്ടുയര്‍ന്നത് ഇതുവഴിയുള്ള ഗതാഗതത്തെയും ബാധിച്ചു. ഓടയിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെട്ടതാണ് റോഡില്‍ വെള്ളക്കെട്ടുയരാന്‍ കാരണം. തിങ്കളാഴ്ച രാവിലെയുണ്ടായ കാറ്റിലും മഴയിലും താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടായി. ആയവന പഞ്ചായത്തിലെ പുന്നമറ്റം ഭാഗത്ത് ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. പുന്നമറ്റം കാരോളയില്‍ അലിയാരിന്‍െറ വീട്ടുവളപ്പിലെ തേക്കുമരം വീണ് സമീപത്തെ അബൂബക്കര്‍ തങ്ങളുടെ വീടിനോടുചേര്‍ന്ന വാഹന പാര്‍ക്കിങ്ങിനുള്ള ഷെഡ് തകര്‍ന്നു. പാലത്തിങ്കല്‍ ഷബീബിന്‍െറ വീടിനു മുന്നിലുള്ള മരം വീണ് വൈദ്യുതി കമ്പി പൊട്ടിവീണു. കല്ലൂര്‍ക്കാട്, പായിപ്ര പഞ്ചായത്തുകളിലും വിവിധ ഭാഗങ്ങളില്‍ ചെറിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ടൗണില്‍ പൊലീസ് ക്വാര്‍ട്ടേഴ്സിന് മുകളിലേക്കും മരം വീണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.