കടല്‍ മലിനീകരണം: ഫോര്‍ട്ട്കൊച്ചി തീരത്ത് കക്കകള്‍ ചത്തടിയുന്നു

മട്ടാഞ്ചേരി: വിഷമലിനീകരണംമൂലം ഫോര്‍ട്ട്കൊച്ചി കടല്‍ത്തീരത്ത് കക്കകള്‍ ചത്തടിയുന്നു. അഴിമുഖത്തോട് ചേര്‍ന്നുള്ള തീരത്ത് ബാസ്റ്റിന്‍ ബംഗ്ളാവിന് പിന്നിലായി ലക്ഷക്കണക്കിന് കക്കയാണ് അടിഞ്ഞിരിക്കുന്നത്. മഴ ശക്തമായപ്പോള്‍ കടല്‍ കയറിയ മേഖലയില്‍നിന്ന് കടല്‍ ചെറുതായി ഇറങ്ങിയതോടെയാണ് കക്കത്തോടുകള്‍ കുന്നുകൂടി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. കടല്‍ മലിനീകരണമാണ് കക്കകളുടെ നാശത്തിന് കാരണമെന്നാണ് സമുദ്രഗവേഷകരുടെ അഭിപ്രായം. തീരക്കടലിന്‍െറ അടിത്തട്ടിലായാണ് ഇത്തരം കക്കകള്‍ വസിക്കുന്നത്. കായലില്‍നിന്നുള്ള മാലിന്യം കടലിന്‍െറ അടിത്തട്ടില്‍ എത്തുന്നതാണ് കക്കകള്‍ കൂട്ടത്തോടെ ചാകുന്ന പ്രതിഭാസത്തിന് കാരണമായിരിക്കുന്നത്. അറവുമാലിന്യവും മത്സ്യസംസ്കരണ ശാലകള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യവും സാധാരണ കായലിലേക്കാണ് തള്ളുന്നത്. വേലിയേറ്റം കഴിഞ്ഞുള്ള വേലിയിറക്കത്തില്‍ മാലിന്യം കടലിലേക്ക് ഒഴുകിയത്തെും. ഇത്തരത്തില്‍ അടിത്തട്ടില്‍ അടിയുന്ന മാലിന്യമാണ് കക്കയുടെ വംശനാശത്തിനുതന്നെ കാരണമായിരിക്കുന്നത്. മലിനീകരണംമൂലം കടലിലെ ആവാസവ്യവസ്ഥയിലുണ്ടായ വ്യതിയാനം കക്കകളുടെ വംശനാശത്തിനുതന്നെ ഭീഷണിയാവുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.ഡി. മജീന്ദ്രന്‍ പറഞ്ഞു. കടല്‍ മാലിന്യം തള്ളാനുള്ള കേന്ദ്രമാണെന്ന വികല കാഴ്ചപ്പാട് തിരുത്തിയില്ളെങ്കില്‍ ഇത്തരത്തില്‍ കൂടുതല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് സമുദ്ര ഗവേഷക ഡോ. ഷാലിന്‍ സലീം പറഞ്ഞു. കക്കകള്‍ കൂട്ടത്തോടെ തീരം അടിയുന്നത് ഇതിന്‍െറ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം ജെല്ലി ഫിഷുകള്‍ കൂട്ടമായി ചത്ത് കരക്കടിഞ്ഞിരുന്നു. കടല്‍ച്ചൊറി എന്ന ഈ മത്സ്യക്കൂട്ടങ്ങളും ഫോര്‍ട്ട്കൊച്ചി കടല്‍ത്തീരത്താണ് കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.