ശ്രീ ശക്തി പേപ്പര്‍ മില്‍: ആര്‍.ഡി.ഒയുടെ ഉത്തരവ് നടപ്പാക്കാന്‍ പ്രതിഷേധ ധര്‍ണ

കടുങ്ങല്ലൂര്‍: ശ്രീ ശക്തി പേപ്പര്‍ മില്ലിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രതിഷേധ ധര്‍ണ നടത്തി. ജനജാഗ്രത പ്രവര്‍ത്തകനായ മുഹമ്മദ് ഇഖ്ബാല്‍ കൊടുത്ത പരാതിയെ തുടര്‍ന്നായിരുന്നു ആര്‍.ഡി.ഒയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം കടുങ്ങല്ലൂര്‍ വില്ളേജ് ഓഫിസര്‍ ഉത്തരവിന്‍െറ പകര്‍പ്പ് കമ്പനി അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെക്കാത്ത സാഹചര്യത്തിലാണ് സമര പരിപാടികള്‍ ആരംഭിച്ചത്. നേരത്തേ, മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ അടച്ചു പൂട്ടല്‍ ഉത്തരവ് നല്‍കിയപ്പോഴും നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിക്കുകയും പ്രവര്‍ത്തനം തുടരുകയും ചെയ്തതായി ആക്ഷേപമുണ്ട്. പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പരാതി. കമ്പനിയില്‍നിന്നുള്ള മലിനീകരണം നിലനില്‍ക്കുന്നുവെന്ന് കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ളേജ് ഓഫിസര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണ് സബ് കലക്ടര്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കാതെ ധിക്കാരപരമായി പ്രവര്‍ത്തനം തുടരുന്നതിനെതിരെ പ്രദേശവാസികള്‍ ഞായറാഴ്ച രാവിലെ മുതല്‍ കമ്പനി കവാടത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. പെരിയാര്‍ മലിനീകരണവിരുദ്ധ സമിതി പ്രവര്‍ത്തകരായ സി.ഐ. അന്‍വര്‍, ആദംകുട്ടി, മഹേഷ് എടയാര്‍, ജനജാഗ്രത സമിതി പ്രവര്‍ത്തകരായ ഷബീര്‍, ഇഖ്ബാല്‍, കെ.എച്ച്. സദഖത്ത്, എ.എം. ഹുസൈന്‍, അസീസ് എളമന, പി.ബി. ഗോപിനാഥ്, പി.ടി. ഷാജി, അലി അക്ബര്‍, ലിജു എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി. സബ് കലക്ടറുടെ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വില്ളേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.