കൊച്ചി: ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ട് റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിച്ച് പുനരധിവസിപ്പിക്കുന്ന പദ്ധതി എളുപ്പത്തില്‍ നടപ്പാകില്ല. നഗരസഭയുടെ കണക്കുപ്രകാരം 27 കുടുംബങ്ങളാണ് റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്നത്. റെയില്‍വേ ഭൂമിയാണെങ്കിലും കാലങ്ങളായി പ്രവര്‍ത്തിക്കാതിരുന്നതോടെ കൈയേറിയവര്‍ സ്വന്തം ഭൂമിപോലെയാണ് പുറമ്പോക്ക് കൈകാര്യം ചെയ്യുന്നത്. നഗരസഭയുടെ കണക്കുപ്രകാരമുള്ള 27 കുടുംബങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ക്രീറ്റ് നിര്‍മിത വീടുകളാണ്. ഇവര്‍ക്ക് വൈദ്യുതി, വീട്ടുനമ്പര്‍ എന്നിവയും നഗരസഭ അനുവദിച്ചുനല്‍കിയിട്ടുണ്ട്. അതുകൊണ്ട് നഗരങ്ങളിലെ ചേരിയില്‍ ജീവിക്കുന്നവര്‍ക്കുള്ള ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ സ്വീകരിക്കാന്‍ ഇവര്‍ സമ്മതിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനായി കുടിയൊഴിപ്പിച്ച മൂലമ്പിള്ളിയിലെ കുടുംബങ്ങളുടെ പുനരധിവാസം എട്ടുവര്‍ഷമായിട്ടും തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുടിയേറി താമസിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. പി.എം.എ.വൈ പദ്ധതി പ്രകാരം നഗരസഭയും സാമ്പത്തികസഹായം ചെയ്തായിരിക്കും പുനരധിവാസം സാധ്യമാക്കുകയെന്നാണ് മേയര്‍ സൗമിനി ജയിന്‍ പറഞ്ഞിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് അര്‍ഹമായ രീതിയില്‍ പുനരധിവാസം നടപ്പാക്കണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ നവീകരണം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ പുനരധിവാസ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.