ആദിവാസി കുടുംബത്തിന്‍െറ വീട് കാട്ടാന തകര്‍ത്തു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ താളുംകണ്ടത്ത് ആദിവാസി കുടുംബത്തിന്‍െറ വീട് കാട്ടാന തകര്‍ത്തു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് മുന്‍ പഞ്ചായത്തംഗവും താളംകണ്ടം കോളനിയിലെ താമസക്കാരനുമായ രാജു രാമന്‍െറ വീടാണ് കാട്ടാന തകര്‍ത്തത്. രാജുവും ഭാര്യ സീതയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. വിദ്യാര്‍ഥികളായ മക്കള്‍ സ്കൂള്‍ തുറന്നതിനാല്‍ ഹോസ്റ്റലിലായിരുന്നു. പൊടുന്നനെയുള്ള പിടിയാനയുടെ ആക്രമണത്തില്‍ ഭയന്ന് രാജു ഭാര്യയെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിടെ വീണ് പരിക്കേറ്റു. വീട് പൂര്‍ണമായും തകര്‍ത്ത ശേഷമാണ് ആന കാട്ടിലേക്ക് മറഞ്ഞത്. ഇടമലയാര്‍ ഡാമില്‍നിന്ന് കാട്ടുപാതയിലൂടെ 10കി.മീ. നടന്നുവേണം താളുംകണ്ടത്ത് എത്തിച്ചേരാന്‍. 40ല്‍പരം ആദിവാസി കുടുംബങ്ങളാണ് ഈ ഉള്‍വനത്തില്‍ താമസിക്കുന്നത്. വൈദ്യുതി എത്താത്ത കോളനികളില്‍ ഒന്നാണിത്. വന്യമൃഗങ്ങള്‍ ഏറെയുള്ള ഇവിടെ കൃഷിയും മറ്റും നശിപ്പിക്കാറുണ്ടെങ്കിലും ആദ്യമായാണ് ജനവാസകേന്ദ്രത്തിലത്തെി ആന വീട് തകര്‍ക്കുന്നത്. മഴക്കാലം ആയതോടെ സോളാര്‍ വൈദ്യുത വിളക്കുകള്‍ തെളിയാത്ത സ്ഥിതിയാണുള്ളത്. ജനവാസകേന്ദ്രത്തിന് ചുറ്റും സോളാര്‍ വൈദ്യുതവേലി തീര്‍ത്ത് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. വഴിയും വെളിച്ചവും നല്‍കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ഇവിടത്തുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.