പുറത്ത് മഴ, അകത്ത് തീ

മട്ടാഞ്ചേരി: പൈതൃക നഗരിയിലെ ജീര്‍ണിച്ച കെട്ടിടങ്ങള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. പഴയ വാണിജ്യ സിരാകേന്ദമായിരുന്ന മട്ടാഞ്ചേരി ബസാറിന് സമീപത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളാണ് അപകടഭീതി ഉയര്‍ത്തുന്നത്. കാലവര്‍ഷമത്തെിയതോടെ ഭീതിയുടെ നിഴലിലാണ് താമസക്കാര്‍ കെട്ടിടത്തില്‍ കഴിയുന്നത്. കാറ്റും മഴയും വരുമ്പോള്‍ ഇവരുടെ നെഞ്ചില്‍ തീയാണ്. ശക്തമായ കാറ്റടിക്കുമ്പോള്‍ കുഞ്ഞുങ്ങളെ മാറോടണച്ച് ഉറക്കമൊഴിച്ച് കഴിയുകയാണ് വീട്ടമ്മമാര്‍. അമ്പതോളം കെട്ടിടങ്ങളാണ് മേഖലയില്‍ വീഴാറായി നില്‍ക്കുന്നത്. ഓരോ വര്‍ഷവും കെട്ടിടങ്ങളില്‍ പലതും നിലംപൊത്താറുണ്ട്. ഈ വര്‍ഷം മഴ തുടങ്ങും മുമ്പുതന്നെ ചെറളായി കവലയിലെ സദാനന്ദന്‍െറ കെട്ടിടത്തിന്‍െറ ഒരുഭാഗം നിലംപൊത്തിയിരുന്നു. ഫോര്‍ട്ട്കൊച്ചി രാമേശ്വരം കോളനിയിലെ മൂന്ന് വീടുകളുടെ കോണ്‍കീറ്റ് സീലിങ് ഇളകിവീണു. രാമേശ്വരം കോളനിയിലെ വീടുകള്‍ 30 വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്ഥാന ഹൗസിങ് ബോര്‍ഡ് പണികഴിപ്പിച്ചു നല്‍കിയതാണെങ്കില്‍ മട്ടാഞ്ചേരിയിലെ കെട്ടിടങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബസാറിന്‍െറ പ്രതാപകാലത്തെ പഴയ പാണ്ടികശാലകള്‍വരെ ഇന്ന് താമസ കേന്ദ്രങ്ങളാണ്. ഏഴുവര്‍ഷം മുമ്പാണ് ബസാറിലെ അസ്റാജ് ബില്‍ഡിങ് തകര്‍ന്നുവീണത്. ബില്‍ഡിങ്ങിലെ താമസക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ഇനിയും പൂര്‍ണമായിട്ടല്ല. പഴക്കമേറിയ കെട്ടിടങ്ങളില്‍ ഒന്നാണ് മഹാജനവാടി കെട്ടിടം. മുപ്പതോളം കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ ജീവന്‍ പണയംവെച്ചാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. ആറുവര്‍ഷങ്ങള്‍ക്കുമുമ്പ് കെട്ടിടത്തിന്‍െറ മുകള്‍ നിലയിലെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന വീട്ടമ്മ മുറിയുടെ ഒരുഭാഗം ഇടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. പഴയ കെട്ടിടങ്ങളില്‍ പലതും ട്രസ്റ്റുകള്‍ നടത്തി വരുന്നവയാണ്. വാടകക്കും പണയത്തിനും പകിടിക്കുമൊക്കെയാണ് ഇവിടെ കുടുംബങ്ങള്‍ താമസിക്കുന്നത്. മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി മേഖലയില്‍ ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. പല കെട്ടിടങ്ങളും ചേരികളിലാണ് സ്ഥിതിചെയ്യുന്നത്. ചേരിനിര്‍മാര്‍ജനത്തിന് പദ്ധതികള്‍ പലതും പ്രഖ്യാപിക്കുമ്പോഴും യഥാര്‍ഥ ചേരിനിവാസികള്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കാറില്ളെന്നതാണ് വസ്തുത. അധികാരികളെ സംബന്ധിച്ചിടത്തോളം ചേരികള്‍ കറവപ്പശുക്കളാണ്. ഈ ചേരികള്‍ ചൂണ്ടിക്കാട്ടി വേണം വിദേശ സഹായമടക്കത്തോടെയുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നതിന്. ആയതു കൊണ്ടുതന്നെ ചേരികളും ജീര്‍ണതപേറുന്ന പൗരാണിക കെട്ടിടങ്ങളും നിലനിര്‍ത്തേണ്ടതും അധികാരിവര്‍ഗത്തിന്‍െറ ആവശ്യകതയാണ്. മാനത്ത് കാറ്റും കോളും കാണുമ്പോള്‍ ഭയന്നുവിറക്കുന്ന ഒരു ജനതയുടെ പ്രശ്നപരിഹാരം നീളുന്നത് ഇതുമൂലമാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.