മഴ കനത്തു; കടത്തുകടവ് റോഡില്‍ വെള്ളക്കെട്ട്

ആലുവ: ശനിയാഴ്ച ആലുവയിലുണ്ടായ കനത്തമഴയില്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടനുഭവപ്പെട്ടു. ബാങ്ക് കവല കടത്തുകടവ് റോഡിലാണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. രാവിലെ മുതല്‍ ആലുവ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇത് ഉച്ചവരെ നീണ്ടുനിന്നു. ഇതിനെ തുടര്‍ന്നാണ് കടത്തുകടവ് റോഡില്‍ വെള്ളക്കെട്ടുണ്ടായത്. ഉച്ചക്ക് മുമ്പ് തന്നെ ആരംഭിച്ച വെള്ളക്കെട്ട് വൈകുന്നേരത്തോടെയാണ് കുറഞ്ഞത്. റോഡിനിരുവശത്തും കാനകളുണ്ടായിട്ടും മഴവെള്ളം വേഗത്തില്‍ ഒഴുകിപ്പോയില്ല. കാനകളുടെ തകര്‍ച്ചയും, റോഡിന്‍െറ ഉയരക്കുറവും, കാനകള്‍ പല ഭാഗത്തും കൈയേറിയതുമാണ് കാരണം. വര്‍ഷങ്ങളായി കടത്ത് കടവ് റോഡില്‍ വെള്ളക്കെട്ടുണ്ടാകാറുണ്ട്. പെരിയാറിന്‍െറ തൊട്ടടുത്താണ് ഇത്തരത്തില്‍ പതിവായി വെള്ളക്കെട്ടനുഭവപ്പെടുന്നത്. ഇവിടെ നിന്ന് പെട്ടെന്നുതന്നെ പുഴയിലേക്ക് വെള്ളമൊഴുകാന്‍ കഴിയും. എന്നാല്‍, പുഴയിലേക്കുള്ള കാന പല ഭാഗത്തും കൈയേറപ്പെട്ടിരിക്കുകയാണ്. ഇതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. സേഠ് മസ്ജിദ്, ശ്രീകൃഷ്ണ ക്ഷേത്രം, .കെ.എം. കെ ആശുപത്രി തുടങ്ങിയവ ഈ റോഡിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടേക്കെല്ലാം എത്തിയവരാണ് കൂടുതലായും വെള്ളക്കെട്ടിന്‍െറ ദുരിതമനുഭവിച്ചത്. സമീപത്തെ വ്യാപാരികളെയും ഇത് പ്രതികൂലമായി ബാധിച്ചു. റോഡിനോട് ചേര്‍ന്ന കാനകളില്‍ പല സ്ഥലങ്ങളില്‍നിന്നും സെപ്റ്റിക് ടാങ്ക് മാലിന്യമടക്കമുള്ളവ വന്ന് ചേരുന്നുണ്ട്. ഇവയടക്കമുള്ള കാനയിലെ മാലിന്യങ്ങളും വെള്ളക്കെട്ട് മൂലം റോഡില്‍ വ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.