മാലിന്യസംസ്കരണ പ്ളാന്‍റ് നിര്‍മാണം നിലച്ചിട്ട് ഒരുവര്‍ഷം

കോതമംഗലം: നഗരസഭയുടെ കുമ്പളത്തുമുറിയിലെ മാലിന്യസംസ്കരണ പ്ളാന്‍റ് നിര്‍മാണം നിലച്ചിട്ട് ഒരുവര്‍ഷം പിന്നിടുന്നു. ഒരു നിയന്ത്രണവുമില്ലാതെ ഇവിടെ മാലിന്യം തള്ളിക്കൊണ്ടിരിക്കുകയാണ്. പ്ളാന്‍റില്‍ മാലിന്യപ്രശ്നം രൂക്ഷമായതിനാല്‍ പരിസരവാസികളുടെ ജീവിതം ദുസ്സഹമാണ്. മൂന്നു വര്‍ഷം മുമ്പാണ് കുമ്പളത്തുമുറിയിലെ ഡമ്പിങ് യാര്‍ഡില്‍ സംസ്കരണ പ്ളാന്‍റ് നിര്‍മാണം ആരംഭിച്ചത്. കോണ്‍ക്രിറ്റ് തൂണുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. തുടക്കത്തില്‍ പ്ളാന്‍റ് നിര്‍മിക്കുന്നതിനാവശ്യമായ തറ കോണ്‍ക്രീറ്റിനായി മണ്ണിട്ട് നിറക്കുന്നതിനുപകരം കരാറുകാരന്‍ മാലിന്യം നിറച്ചതാണ് തുടക്കത്തില്‍ നിര്‍മാണം തടസ്സപ്പെടാനിടയാക്കിയത്. പിന്നീട് നിര്‍മാണം പുനരാരംഭിച്ചെങ്കിലും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ന്നപ്പോഴേക്കും പണി നിര്‍ത്തി കരാറുകാരന്‍ പോയി. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ നിര്‍മാണം പുനരാരംഭിക്കണമെങ്കില്‍ പുതിയ എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ വിളിക്കണം. ശുചിത്വമിഷന്‍ ഫണ്ട് ലഭിച്ചിട്ടും പ്ളാന്‍റ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ആക്ഷേപമുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യം മഴവെള്ളത്തില്‍ ചേര്‍ന്ന് സമീപത്തെ തോടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയത്തെുകയാണ്. നഗരപരിധിയില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിക്കാതെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഡമ്പിങ് യാര്‍ഡ് വിസ്തൃതമാക്കാനാണ് നഗരസഭ ആലോചിക്കുന്നത്. കൂടുതല്‍ സ്ഥലം വാങ്ങുന്നതിന് ഈ വര്‍ഷത്തെ പദ്ധതിരേഖയില്‍ ഒരുകോടി വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മാണം പൂര്‍ത്തിയാകാത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.