തെരുവില്‍ തിരിച്ചത്തെിയ കുട്ടികളെ വീണ്ടും രക്ഷിച്ചു

ആലുവ: തെരുവിലെ ദുരിതജീവിതത്തില്‍നിന്നും ജനസേവ ശിശുഭവന്‍ രക്ഷപ്പെടുത്തിയശേഷം തെരുവില്‍ തിരിച്ചത്തെിയ കുട്ടികളെ വീണ്ടും രക്ഷിച്ചു. എട്ട്, ആറ്, നാല് വയസ്സുള്ള കുട്ടികളെയാണ് തെരുവില്‍നിന്ന് വീണ്ടും രക്ഷിച്ചത്. ആലുവ ദേശീയപാതയില്‍ മേല്‍പാലത്തിന് ചുവട്ടിലെ വൃത്തിഹീനമായ തുറസ്സായ സ്ഥലത്ത് അന്തിയുറങ്ങികഴിഞ്ഞിരുന്ന കുട്ടികളെ 2013 മേയ് 17ന് നാട്ടുകാരാണ് രക്ഷപ്പെടുത്തി ജനസേവ ശിശുഭവനില്‍ ഏല്‍പിച്ചത്. അതിനുശേഷം ഈ കുട്ടികള്‍ അഞ്ചാം ക്ളാസിലും നാലാം ക്ളാസിലും മൂന്നിലുമായി പഠിച്ചുവരുകയായിരുന്നു. ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം തേടുന്ന തമിഴ്നാട് സ്വദേശികളായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സ്വന്തമായി വീടോ കുട്ടികളെ സംരക്ഷിക്കാനുള്ള വരുമാനമോ ഉണ്ടായിരുന്നില്ല. പിതാവായ മാരിയപ്പനാകട്ടെ ജോലി ചെയ്യാനാകാത്ത അവസ്ഥയിലുമായിരുന്നു. മദ്യപിച്ചും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചും നാടുകള്‍തോറും മാറി മാറി തെരുവോരങ്ങളില്‍ അന്തിയുറങ്ങിയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇവരുടെ മൂത്തമകള്‍ സ്കൂളിന്‍െറ പടിവാതില്‍പോലും കണ്ടിട്ടില്ല. 2016 ഏപ്രില്‍ നാലിന് കുട്ടികളെ രണ്ടുമാസത്തെ അവധിക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാജമേല്‍വിലാസവുമായി ഇവരുടെ മാതാപിതാക്കള്‍ ജനസേവ ശിശുഭവനിലത്തെി. എന്നാല്‍, കുട്ടികള്‍ക്ക് സമ്മതമല്ലാത്തതിനാല്‍ ജനസേവ അധികൃതര്‍ അതിന് തയാറായില്ല. എന്നാല്‍, ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ മാതാപിതാക്കളോടൊപ്പം അയച്ചു. അമ്പലപ്പുഴ ഭാഗത്ത് തെരുവോരത്തെ മരച്ചില്ലയില്‍ കെട്ടിയ പ്ളാസ്റ്റിക് ഷീറ്റിനടിയില്‍ കോരിച്ചൊരിയുന്ന മഴയത്ത് കഴിയുന്ന നാല് കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാടോടി കുടുംബത്തിന്‍െറ ദയനീയാവസ്ഥ പത്രവാര്‍ത്തയിലൂടെ അറിഞ്ഞപ്പോഴാണ് അതില്‍ മൂന്ന് കുട്ടികളും ജനസേവ ശിശുഭവനില്‍ കഴിഞ്ഞിരുന്നതാണെന്ന് ജനസേവ അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് മൂന്നു കുട്ടികളെയും ജനസേവ ശിശുഭവനിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. മൂന്നു കുട്ടികളും വീണ്ടും സ്കൂളില്‍ പോയി തുടങ്ങിയിട്ടുണ്ട്. യാതൊരു അന്വേഷണവും കൂടാതെ മാതാപിതാക്കളെന്ന് പറഞ്ഞത്തെുന്നവര്‍ക്ക് വിട്ടുകൊടുക്കുന്നത് കുട്ടികളെ വീണ്ടും തെരുവിലെ ദുരിതജീവിതത്തിലേക്ക് എത്തിക്കുന്നതായി ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.