മഴക്കാല പരിശോധന: 14 ബസുകള്‍ക്കെതിരെ കേസ്

കാക്കനാട്: യാത്രക്കാരുടെ സുരക്ഷയെ വെല്ലുവിളിച്ച് സര്‍വിസ് നടത്തിയ സ്വകാര്യ ബസുകള്‍ പിടിയില്‍. യാത്രക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ മഴക്കാല പരിശോധനയില്‍ 14 ബസുകളാണ് പിടിച്ചെടുത്തത്. വേഗപ്പൂട്ട് ഊരിമാറ്റിയ ബസുകളും പരിശോധനയില്‍ പിടിയിലായി. നിയമം ലംഘിച്ച് സര്‍വിസ് നടത്തിയ ബസുകള്‍ക്കെതിരെയും കേസെടുത്തു. വേഗപ്പൂട്ട് ഊരിമാറ്റുകയും ഷട്ടറുകള്‍ ശരിയായ വിധത്തില്‍ പരിപാലിക്കാത്തതുമായ ബസുകള്‍ക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. വൈപ്പര്‍, പാര്‍ക്ക് ലൈറ്റ്, ബ്രേക് ലൈറ്റ് എന്നിവ ഇല്ലാത്ത ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത ബസുകള്‍ക്ക് നോട്ടീസും നല്‍കി. ആലുവ, മട്ടാഞ്ചേരി, കാക്കനാട്, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഒരേ സമയം നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ 86 ബസുകളിലാണ് പരിശോധന നടത്തിയത്. നിശ്ചിത സമയത്തിനുള്ളില്‍ അപാകത പരിഹരിക്കാത്തപക്ഷം കര്‍ശന നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. കുട്ടികളെ കുത്തിനിറച്ച് പാഞ്ഞ സ്കൂള്‍ ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മണ്‍സൂണിലെ വാഹനാപകടങ്ങള്‍ കുറക്കാനും ഗതാഗതം സുഗമമാക്കാനുമാണ് പരിശോധനക്ക് തുടക്കം കുറിച്ചതെന്ന് എറണാകുളം ആര്‍.ടി.ഒ കെ.എം. ഷാജി അറിയിച്ചു. അപകടകരമായി വാഹനം ഓടിക്കുന്ന ബസ് ഡ്രൈവര്‍മാര്‍, യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍, ഡോര്‍ ചെക്കര്‍മാര്‍ എന്നിവരെ നിയമത്തിനുമുന്നിലത്തെിക്കും. നഗരപരിധിയില്‍ ബസുകളുടെ ഓവര്‍ ടേക്കിങ്, അശ്രദ്ധമായും അപകടകരമായുമുള്ള ഡ്രൈവിങ് എന്നിവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.